ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ പ്രധാനി കണ്ണൂരില്‍ പിടിയില്‍; മുംബൈ പോലീസ് ഓപ്പറേഷന്‍ നടത്തിയത് കേരളാ പോലീസിനെ അറിയിക്കാതെ; മുഹമ്മദ് സയീദിന്റെ കണ്ണൂര്‍ ബന്ധങ്ങള്‍ അന്വേഷിക്കുന്നു

Tuesday 13 August 2019 11:46 pm IST

തിരുവനന്തപുരം: കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ  ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.  മുംബൈ പോലീസിന്റെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്ലാണ്  കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച്  ഇയാളെ പിടികൂടിയത്. കേരള പോലീസിനെ അറിയിക്കാതെയാണ് മുഹമ്മദ് അല്‍താഫ് സയീദിനെ പിടികൂടാന്‍ മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയത്. രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ ഇവ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ വാശിയില്‍ താമസിയ്ക്കുന്ന ഇയാളാണ് അനീസ് ഇബ്രാഹീമിന്റെ ഹവാല പണം ഇടപാടുകളുടെ മുഖ്യ സൂത്രധാരന്‍. 

കൃത്യമായ ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സയീദിനെ ഞങ്ങള്‍ കേരളത്തിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരിയ്ക്കുന്നു. ദുബായില്‍ നിന്ന് കണ്ണൂരെത്തിയ സയീദ് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മുംബൈ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. പത്തുകൊല്ലത്തിലധികമായി ദാവൂദിന്റെ ഡി കമ്പനിയില്‍ അംഗമാണ് മുഹമ്മദ് അല്‍താഫ് സയീദ്. കണ്ണൂര്‍ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണ്. കണ്ണൂരിലാണ് ഇയാള്‍ ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.