അനസും ഹിമയും കുതിപ്പ് തുടരുന്നു; പതിനഞ്ച് ദിവസത്തിനുള്ളില്‍ നാല് സ്വര്‍ണവുമായി ഹിമ

Thursday 18 July 2019 10:06 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമദാസും മലയാളിയായ മുഹമ്മദ് അനസും യൂറോപ്യന്‍ പര്യടനത്തില്‍ മികവ് തുടരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ടാബോള്‍ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്ററില്‍ ഹിമ ദാസും 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വര്‍ണം ഓടിയെടുത്തു.

23.25 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമ ഇരുനൂറ് മീറ്ററില്‍ സ്വര്‍ണം നേടിയത്. യുറോപ്യന്‍ പര്യടനത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഹിമ നേടുന്ന നാലാം സ്വര്‍ണമാണിത്.

മലയാളിയായ വി.കെ. വിസ്മയ വെള്ളി മെഡല്‍ കരസ്ഥമാക്കി. സമയം 23.43 സെക്കന്‍ഡ്.

മുഹമ്മദ് അനസ് 45.40 സെക്കന്‍ഡില്‍ നാനൂറ് മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്. ഇന്ത്യയുടെ തന്നെ ടോം നിര്‍മല്‍ വെള്ളിയും (46.59), കെ.എസ്. ജീവന്‍ വെങ്കലവും (46.60) നേടി. ക്ലാഡ്‌നോയില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ 45.21 സെക്കന്‍ഡില്‍ ഓടിയെത്തി അനസ് ലോകകപ്പിന് യോഗ്യത നേടിയിരുന്നു. പുരുഷന്മാരുടെ 400 മീറ്ററില്‍ 45.30 സെക്കന്‍ഡാണ് ലോകകപ്പ് യോഗ്യതാ മാര്‍ക്ക്.

ഹിമദാസ് നാലു സ്വര്‍ണമെഡല്‍ നേടിയെങ്കിലും ലോകകപ്പിന് യോഗ്യത നേടാനായില്ല. വനികളുടെ 200 മീറ്ററില്‍ 23.02 സെക്കന്‍ഡും 400 മീറ്ററില്‍ 51.80 സെക്കന്‍ഡുമാണ് യോഗ്യതാ മാര്‍ക്ക്.

ജൂലൈ രണ്ടിനാണ് ഹിമ ദാസ് യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ സ്വര്‍ണം നേടിയത്. പോളണ്ടിലെ പോസ്‌നാന്‍ അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രീ മീറ്റിന്റെ 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാം സ്ഥാനം നേടി. പിന്നീട് കുട്‌നോ അത്‌ലറ്റിക് മീറ്റിലും ഇരുനൂറ് മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. സമയം 23.97 സെക്കന്‍ഡ്. ജൂലൈ 13 ന് ചെക്ക് റിപ്പബ്‌ളിക്കിലെ ക്ലാഡ്‌നോ അത്‌ലറ്റിക് മീറ്റിന്റെ 200 മീറ്ററില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമയം: 23.43.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.