വീടുകളില്‍ ഇനി വൈന്‍ വേണ്ട; ജാമ്യം കിട്ടാത്ത കുറ്റം; പുതിയ സര്‍ക്കുലറുമായി എക്‌സൈസ്

Tuesday 3 December 2019 1:28 pm IST
മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്

തിരുവനന്തപുരം: വീടുകളില്‍ ഇനി മുതല്‍ വൈന്‍ വേണ്ടെന്ന മുന്നറിയിപ്പുമായി എക്‌സൈസിന്റെ പുതിയ സര്‍ക്കുലര്‍. വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും ജാമ്യം കിട്ടാത്ത കുറ്റമാണിതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് എക്‌സൈസിന്റെ കര്‍ശന മുന്നറിയിപ്പ്. 

ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. 

സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലീറ്റര്‍ എക്‌സൈസ് പിടികൂടി.  യുവാവ് ജാമ്യംകിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.

കൂടാതെ, മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്.

അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്. ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.