ഹൈദരാബാദില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

Saturday 7 December 2019 9:55 am IST

ഹൈദരാബാദ് : തെളിവെടുപ്പിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടര്‍ കൊലപാതകക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച്ച രാത്രി എട്ട് മണിവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ സൂക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊല്ലപ്പെട്ട നാല് പ്രതികളുടെയും പോസ്റ്റ്മോര്‍ട്ടം പരിശോധന വെള്ളിയാഴ്ച രാത്രി പൂര്‍ത്തിയായി. സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ജില്ലാ ജഡ്ജി മുമ്പാകെ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മെഹബൂബ് നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിഡിയോ സിഡിയിലോ, പെന്‍ഡ്രൈവിലോ പകര്‍ത്തിയിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.