ലോകകപ്പ് ഫൈനലിനു ശേഷം കൈയാങ്കളി; മൂന്നു ബംഗ്ലാദേശ് താരങ്ങള്‍ക്കും രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും വിലക്ക്; നാലു മുതല്‍ പത്ത് മത്സരങ്ങള്‍ കളിക്കാനാകില്ല

Tuesday 11 February 2020 12:51 pm IST

ലണ്ടന്‍: അണ്ടര്‍19 ലോകകപ്പ് ഫൈനലിന് ശേഷം നാണക്കേടായി മാറിയ കൈയാങ്കളിയില്‍ ഇന്ത്യ-ബംഗ്ലാദേശ് താരങ്ങള്‍ക്ക് എതിരേ നടപടിയുമായി ഐസിസി. ഫൈനല്‍ മത്സരത്തിലും അതിനു ശേഷം നടന്ന വിജയാഘോഷത്തിലും അതിരു വിട്ട് പെരുമാറിയ കളിക്കാര്‍ക്ക് എതിരേയാണ് നടപടി.  ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയിയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍, റകീബുല്‍ ഹസന്‍ എന്നിവര്‍ക്കുമാണ് വിലക്ക്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങള്‍ ഇനി കളിക്കാനാകില്ല. 

ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളില്‍ നിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളും റകീബുല്‍ ഹസന് നാല് മത്സരങ്ങളും നഷ്ടപ്പെടും. ഇന്ത്യന്‍ താരം ആകാശ് സിങ്ങിന് എട്ടു മത്സരങ്ങള്‍ നഷ്ടമാകും. എട്ടു സസ്‌പെന്‍ഷന്‍ പോയിന്റാണ് ആകാശ് സിങ്ങിന് ഐസിസി ചുമത്തിയത്. ബംഗ്ലാദേശ് താരം അവിശേക് ദാസിന്റെ വിക്കറ്റെടുത്തപ്പോള്‍ അതിരുവിട്ട് ആഘോഷിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ അഞ്ചു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്.

മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് നടപടി ശുപാര്‍ശ ചെയ്തത്.  അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് കിരീടം നേടിയിരുന്നു.  ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന രംഗങ്ങളാണ് ഫൈനലിന് ശേഷം മൈതാനത്ത് അരങ്ങേറിയത്. ബംഗ്ലാദേശിന്റെ അമിതമായ വിജയാഹ്ലാദത്തിനിടെയാണ് കൈയാങ്കളി വരെ എത്തിയ പെരുമാറ്റം കളിക്കാരില്‍ നിന്നുണ്ടായത്.  ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ നായതന്‍ പ്രിയം ഗാര്‍ഗ് ഉന്നയിച്ചത്. ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പ്രതികരണം ആയിരുന്നുവെന്ന് ഗാര്‍ഗ് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.