ഭവന വായ്പ്പ പലിശ പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിച്ചില്ല; ഐസിഐസിഐ ബാങ്ക് ശാഖയ്ക്ക് ഉപഭോക്തൃ കോടതി അരലക്ഷം രൂപ പിഴയിട്ടു

Tuesday 22 October 2019 8:51 am IST

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതില്‍ സ്വകാര്യ ബാങ്കിന് പിഴ. െൈഹദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്ക് ശാഖയ്‌ക്കെതിരെ ആര്‍. രാജ്കുമാര്‍ നല്‍കിയ പരാതിയില്‍ ഉപഭോക്തൃ കോടതി 55,000 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. 

അതേസമയം ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി.  2006 ലാണ് രാജ്കുമാര്‍ 9.25 ശതമാനം പലിശയില്‍ 30 ലക്ഷം രൂപ ഭവനവായ്പ എടുത്തത്. 10 വര്‍ഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്.

ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി മനസ്സിലായി. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചെന്നും ഇദ്ദേഹം കണ്ടെത്തി. വായ്പ അക്കൗണ്ടില്‍ 9.25 ശതമാനത്തിന് പകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും മനസ്സിലാക്കി. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നല്‍കിയെങ്കിലും പരിഹരിക്കാന്‍ ബാങ്ക് തയ്യാറായില്ല.

തുടര്‍ന്ന് ഇദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ബാങ്ക് പലിശ നിരക്കില്‍ പലതവണ മാറ്റം വരുത്തിയിട്ടുണ്ട്. അപ്പോഴൊന്നും  ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് രാജ് കുമാറിന്റെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ പലിശ പരിഷ്‌കരിച്ചപ്പോഴെല്ലാം ഉപഭോക്താവിനെ അറിയിച്ചിരുന്നവെന്ന് ബാങ്ക് കോടതിയില്‍ അറിയിച്ചെങ്കിലും ഇക്കാര്യം തെളിയിക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്നാണ് 55,000 നല്‍കാന്‍ ഫോറം വിധിച്ചത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.