ഇടിമുറിയിലെ 'കാലാവസ്ഥ'

Friday 19 July 2019 1:07 am IST
കാലമെത്താത്ത മനുഷ്യരെ പിടികൂടി കാലധര്‍മ്മത്തെ വെല്ലുവിളിക്കുന്നവരാണ്. കണ്‍മുന്നില്‍ കാണുന്ന മിണ്ടാപ്രാണികളെ വെറുതെ വിട്ടാലും മനുഷ്യരെ വെറുതെ വിടില്ല. കൊലയെ ആനന്ദമാക്കിയവരാണവര്‍. പാര്‍ട്ടി ശത്രുക്കളെ പ്രാകൃതരീതിയില്‍ വെട്ടിക്കൊല്ലുന്ന കണ്ണൂരിലെ കാലന്‍ സഖാക്കളും നിസ്സാരക്കാരല്ല.

കാലന്മാരുടെ കാലമാണിത്. കണ്ണൂരും നെടുങ്കണ്ടവും നെട്ടൂരും കടന്ന് അവരിപ്പോള്‍ സര്‍വ്വകലാശാലയിലെത്തിയിരിക്കുന്നു. അങ്ങനെ സര്‍വ്വ കലാശാലയും കൊലാശാലയായിരിക്കുന്നു. ഒറിജിനല്‍ കാലനെ വെല്ലുന്നവരാണ് നെടുങ്കണ്ടം കാലന്മാരെന്ന് ബോധ്യമായി. പച്ചമനുഷ്യനെ ഉരുട്ടിയും ചവിട്ടിയും തല്ലിയും മുളകരപ്പു തേച്ചും പ്രാകൃതമായ എല്ലാ പീഡനമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് യമപുരിക്കയക്കുന്നവരില്‍ കേമന്മാര്‍! നരാധമന്‍മാരെന്ന് ഇവരെ വിശേഷിപ്പിക്കാനാവില്ല. മനുഷ്യകുലത്തില്‍ പിറന്നവരാകുമോ ഇത്തരക്കാര്‍? നരജന്മമാകുന്ന വാരിധിയില്‍നിന്ന് മോചനം നല്‍കുന്നവനാണ് സാക്ഷാല്‍ കാലന്‍. ഭൂമിയിലെ കര്‍മ്മമൊടുങ്ങുമ്പോഴാണ് മനുഷ്യനുമുന്നില്‍ കാലന്‍ പ്രത്യക്ഷനാകുന്നത്. ജീവിതത്തില്‍നിന്ന് മുക്തി നല്‍കി കാലന്‍ മനുഷ്യനെ അനുഗ്രഹിക്കുന്നു. നെടുങ്കണ്ടം കാലന്മാര്‍ അങ്ങനെയല്ല. കാലമെത്താത്ത മനുഷ്യരെ പിടികൂടി കാലധര്‍മ്മത്തെ വെല്ലുവിളിക്കുന്നവരാണ്. കണ്‍മുന്നില്‍ കാണുന്ന മിണ്ടാപ്രാണികളെ വെറുതെ വിട്ടാലും മനുഷ്യരെ വെറുതെ വിടില്ല. കൊലയെ ആനന്ദമാക്കിയവരാണവര്‍. പാര്‍ട്ടി ശത്രുക്കളെ പ്രാകൃതരീതിയില്‍ വെട്ടിക്കൊല്ലുന്ന കണ്ണൂരിലെ കാലന്‍ സഖാക്കളും നിസ്സാരക്കാരല്ല.

എന്നാല്‍ നെടുങ്കണ്ടന്മാരെയും കണ്ണൂര്‍കാലന്മാരെയും വെല്ലുന്നവരാണ് തലസ്ഥാനത്തെ കലാശാലാ കാലന്മാര്‍. സഹപാഠികളെ ഇടിമുറിയില്‍ കയറ്റി കൊല്ലാക്കൊല ചെയ്യുന്നവര്‍. അവരെ പട്ടാപ്പകല്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നവര്‍. എന്തിന്, സാക്ഷാല്‍ പോലീസിനെത്തന്നെ തല്ലുന്നവര്‍. പോലീസുപോലും പേടിക്കുന്ന ഗുണ്ടകള്‍. അത്തരക്കാരെയാണ് പിണറായി സര്‍ക്കാര്‍ പോലീസിലെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പോലീസിനെ തല്ലിയവര്‍തന്നെ പോലീസിലെത്തിയാല്‍ എന്താവും കഥ? പൊതുജനത്തെ ഇടിച്ചുപിഴിയുന്ന കേന്ദ്രങ്ങളാക്കി അവര്‍ പോലീസ് സ്റ്റേഷനുകള്‍ മാറ്റിക്കൊള്ളും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ പോലെ പോലീസ് സ്റ്റേഷനുകളെ പാര്‍ട്ടിമൈത്രി കേന്ദ്രങ്ങളാക്കും. അവിടെ പാര്‍ട്ടിക്കുവേണ്ടി അവര്‍ സംഹാരത്തിന്റെ പതാക പാറിച്ചുകൊള്ളും. അപ്പോള്‍പിന്നെ അഭ്യന്തര മുഖ്യനും വണ്‍-ടൂ-ത്രീ മന്ത്രിക്കുമെല്ലാം ആനന്ദലബ്ധിക്കുള്ള വഴിയായി. 

എന്നാല്‍ നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയുടെ ഞെട്ടലില്‍നിന്ന് മനുഷ്യത്വമുള്ള മലയാളികള്‍ക്ക് അടുത്ത കാലത്തൊന്നും മോചനം കിട്ടാനിടയില്ല. അതിനിടെയാണ് കലാശാലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്, അതിന് ചുക്കാന്‍പിടിക്കുന്ന അക്രമികളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ജനാധിപത്യ യുഗത്തില്‍ കിരാത മനസ്‌കരായ പോലീസ് സേനയെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്താമെന്ന് കണക്കുകൂട്ടുന്നവര്‍ വലിയ പാതകമാണ് ചെയ്യുന്നത്. സമൂഹത്തില്‍ നീതിയും ന്യായവും നടപ്പാക്കാന്‍ അത്തരക്കാര്‍ക്ക് ഒരിക്കലും സാധിക്കില്ല. കസ്റ്റഡി മരണങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ക്ഷാമമില്ലാത്ത നാടായി കേരളം പുരോഗമിക്കുകയാണ്! ഇതാണോ നവോത്ഥാന കേരളത്തിന്റെ  കുതിപ്പ്?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.