പെയ്‌തൊഴിയാതെ ആശങ്കയുടെ കാര്‍മേഘം, ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Tuesday 13 August 2019 3:10 pm IST

കട്ടപ്പന: ജില്ലയില്‍ രണ്ട് ദിവസമായി കുറഞ്ഞ മഴയ്ക്ക് വീണ്ടും ശക്തി കൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഹൈറേഞ്ചിലും ലോ റേഞ്ചിലും ചിലഭാഗങ്ങളിലൊഴികെ ശക്തമായ മഴ ലഭിച്ചു. തൊടുപുഴ മേഖലയില്‍ രണ്ടര മണിക്കൂറോളം മഴ തുടര്‍ന്ന്. കട്ടപ്പനയില്‍ മഴ കുറഞ്ഞപ്പോള്‍ നെടുങ്കണ്ടം, കുമളി, ദേവികുളം, മൂന്നാര്‍, അടിമാലി, രാജാക്കാട് മേഖലകളിലും മഴ ലഭിച്ചു. വിവിധയിടങ്ങളില്‍ മഴയുടെ തോത് വ്യത്യസ്തമായിരുന്നു.

മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് കൂടി വന്നതിനാല്‍ ക്യാമ്പില്‍ നിന്ന് മടങ്ങിയവരും ഹൈറേഞ്ച് നിവാസികളും ആശങ്കയിലാണ്. കഴിഞ്ഞയാഴ്ചയുണ്ടായ മഴയില്‍ വ്യാപക നാശമാണ് ജില്ലയിലുണ്ടായത്. ഇപ്പോഴും നിരവധി റോഡുകളാണ് ഗതാഗത യോഗമല്ലാതെ കിടക്കുന്നത്. മഴ മാറിയിട്ടും ജില്ലയിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഇനിയും വൈദ്യുതിയെത്തിയിട്ടില്ല. തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കവും ഭീഷണിയാണ്. 

തൊടുപുഴയില്‍ വെള്ളം കയറി

ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ തൊടുപുഴ മണക്കാട് ജങ്ഷന് സമീപം വെള്ളം കയറി. ഇതോടെ ചെറിയ വാഹനങ്ങളുടെ സഞ്ചാരം നിലച്ചു. പാലാ റോഡിലും, പഴയ മണക്കാട് റോഡിലും, മൂവാറ്റുപുഴ റോഡില്‍ ഭീമ ജങ്ഷന് സമീപവുമാണ് വെള്ളം കയറിയത്. 

ചിലയിടങ്ങളില്‍ കടകളിലും വെള്ളം കയറി നാശമുണ്ടായി. വെള്ളം കയറി നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കും തകരാറുണ്ടായി. മൂന്ന് മണിയോടെ ആരംഭിച്ച മഴയെ തുടര്‍ന്ന് തോടുകളിലും പുഴകളിലും ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമായി മാറി നിന്ന മഴയാണ് ശക്തമായി തിരിച്ചെത്തിയത്. 

12 ദുരിതാശ്വാസ ക്യാമ്പുകള്‍ 

5 താലൂക്കുകളിലായി 12 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. 5 ക്യാമ്പുകളാണ് അവിടെയുള്ളത്. ദേവികുളം 2, ഇടുക്കി 2, ഉടുമ്പന്‍ചോല 2, തൊടുപുഴ 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 139 കുടുംബങ്ങളില്‍ നിന്നായി 441 ആളുകളാണ് ക്യാമ്പിലുള്ളത്. അതില്‍ 145 പുരുഷന്മാരും 156 സ്ത്രീകളും 89 കുട്ടികളുമാണ് ഉള്ളത്. ഇതില്‍ 26 പേര്‍ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും 25 പേര്‍ 60 വയസ്സിനു മുകളിലുള്ള സ്ത്രീകളുമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.