'ഇന്ത്യയുടെ ഇനിയുള്ള ചര്‍ച്ചകള്‍ പാക് അധീന കശ്മീരിനെ കുറിച്ച് മാത്രം'; പ്രകോപനം തുടരുന്ന പാക്കിസ്ഥാന് താക്കീതുമായി പ്രതിരോധ മന്ത്രി

Sunday 18 August 2019 1:37 pm IST

ന്യൂദല്‍ഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം പ്രകോപനം തുടരുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.  പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്‌നാഥ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയിട്ടാണ് പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഇന്ത്യ തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര വാതിലുകളില്‍ ചെന്ന് മുട്ടുകയാണ്. ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചക്ക് പോലുമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടുവെന്നും അമദഹം പറഞ്ഞു. 

ബാലാകോട്ടില്‍ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിനര്‍ത്ഥം ബാലക്കോട്ടില്‍ ഇന്ത്യ ചെയ്ത കാര്യങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നുവെന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ മാറ്റുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.