സിപിഎമ്മിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായ വിദേശികളെ നാടുകടത്തും; കേരളാ പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി; അന്വേഷണം ആരംഭിച്ച് ഐബി

Tuesday 28 January 2020 11:55 am IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായ വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാര്‍ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്. ഇവര്‍ക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുത്ത മുഴുവന്‍ പേരെയും ജലിലില്‍ അടയ്ക്കാവുന്ന ക്രിമിനല്‍ കുറ്റമാണിതെന്ന് ഐബി ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 121 പ്രകാരം, ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക്കിന് എതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും  രാജ്യത്തിന്റെ മണ്ണില്‍ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികള്‍ക്കെതിരെയുള്ള കുറ്റം.  കലാമണ്ഡലത്തിലെ അധ്യാപകര്‍, വിദേശികളെ ഇന്ത്യയില്‍ എത്തിച്ച ട്രാവല്‍ എജന്‍സികള്‍ എന്നിവരെക്കുറിച്ചുള്ള വിവരവും കേന്ദ്ര ഇന്റലിജന്‍സ് തേടിയിട്ടുണ്ട്. 

പാര്‍ലമെന്റ് പാസ്സാക്കിയ, ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പ് വച്ച നിയമത്തിനെതിരെയാണ് വിദേശികള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്. ഇന്ത്യന്‍ ഫോറിനേഴ്സ് ആക്റ്റ് 1946, ഇന്ത്യന്‍ ഫോറിനേഴ്സ് ( അമെന്‍ഡ്മെന്റ് ആക്ട്) 2004 പ്രകാരമുള്ള ചട്ട ലംഘനമാണ് വിദേശികള്‍ നടത്തിയത്. മുമ്പ് ഇതേ സമരത്തില്‍ പങ്കെടുത്തതിനെ വിദേശ പൗരന്മാരെ നാട്ടില്‍ നിന്ന് തിരിച്ചയച്ച സംഭവം ഉണ്ടായിട്ടുണ്ട്.   കലാമണ്ഡലത്തിലെത്തിയ വിദേശികള്‍ അവിടുത്തെ അധ്യാപകര്‍ക്കൊപ്പം സിപിഎം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിലര്‍ വിദേശികളുടെ പേര് സഹിതം തന്നെ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. നിയമനടപടി തുടങ്ങിയതോടെ പലരും പോസ്റ്റ് മുക്കിയിരിക്കുകയാണ്. എസ്.സി മോര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി വി.സി ഷാജി ചെറുതുരുത്തി പോലീസില്‍ വിസാ ചട്ടം ലംഘിച്ച വിദേശികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ, വിസാ ചട്ടം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരുടെ കൂടെ ചേര്‍ന്ന് സമരം ചെയ്ത  ജര്‍മന്‍ വിദ്യാര്‍ഥിയെ കേന്ദ്രം തിരിച്ചയച്ചിരുന്നു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായി ചെന്നൈയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡനോടാണു ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാന് നാടുകടത്തിയത്.  ട്രിപ്സണ്‍ സര്‍വകലാശാലയില്‍ നിന്നു ഫിസിക്സ് പഠനത്തിനെത്തിയതായിരുന്നു ഇയാള്‍.

കൊച്ചിയിലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദേശ വനിതയെയും ഇങ്ങനെ നാടുകടത്തിയിരുന്നു. എറണാകുളത്തു നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് കഴിഞ്ഞ മാസം നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കുകയും പൗരത്വ നിയമത്തിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത നോര്‍വേ സ്വദേശിനി ജെയിന്‍ മെറ്റ് ജോഹാന്‍സണിനെയാണ് വിസ ചട്ടലംഘനം ചൂണ്ടിക്കാട്ടി നാടുകടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.