ഭാരതവിഭജനം നടന്നില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി നിയമം ആവശ്യമില്ലായിരുന്നു: ഡോ. എന്‍.ആര്‍. മധു

Thursday 23 January 2020 2:20 pm IST

കണ്ണൂർ : മതത്തിന്റെ പേരില്‍ ഭാരതത്തെ രണ്ടായി വെട്ടിമുറിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വേണ്ടി വരില്ലായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധു. മട്ടന്നൂരില്‍ ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാഭിമാന്‍ റാലിയ്ക്ക് ശേഷം നടന്ന രാഷ്ട്രരക്ഷാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വെട്ടിമുറിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ്സുകാരും അതിനെ പിന്തുണച്ചത് കമ്മ്യൂണിസ്റ്റുകാരുമാണ്. 1940ല്‍ മുസ്ലീം ലീഗ് പ്രമേയം പാസാക്കിയപ്പോള്‍ അതിനെ പിന്തുണക്കാന്‍ മുന്‍പന്തിയില്‍ നിന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. പൗരത്വ ഭേദഗതി നിയമത്തില്‍ പറഞ്ഞിരിക്കുന്നത് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതപീഡനം ഏറ്റുവാങ്ങേണ്ടി വന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ്. അല്ലാതെ ഇന്ത്യയിലെ മുസ്ലിംങ്ങളുടെ പൗരത്വം റദ്ദുചെയ്യുമെന്നല്ല. 

ലോകത്തില്‍ മറ്റേതെങ്കിലും ഒരു രാജ്യത്ത് ഭാരതത്തിലെപ്പോലെ സുരക്ഷിതരായിക്കഴിയാന്‍ മുസ്ലിം മതസ്ഥര്‍ക്ക് കഴിയില്ല. എന്‍ആര്‍സി നടപ്പില്‍ വരുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം ആസ്സാം ആണ്. സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് അവിടെ എന്‍ആര്‍സി നടപ്പിലാക്കിയത്. അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത്. പതിനായിരക്കണക്കിന് ക്ഷേത്രങ്ങളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 250 പരം ക്ഷേത്രങ്ങളാണ് ഇപ്പോഴുള്ളത്. ക്രിസ്ത്യാനികളുടേയും സിഖുകാരുടേയും ആരാധനാലയങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഭാരതത്തെ മറ്റൊരു പാക്കിസ്ഥാനാക്കാനാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ട്‌കെട്ടും ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ പ്രസംഗിച്ചു. മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മട്ടന്നൂര്‍ ഖണ്ഡ് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍, കിസാന്‍ സംഘ് സംസ്ഥാന സെക്രട്ടറി കെ.വി. സഹദേവന്‍, മഹിളാ മോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് റീനാ മനോഹരന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വി.എം. കാര്‍ത്തികേയന്‍ സ്വാഗതവും എ.ഇ. സജു നന്ദിയും പറഞ്ഞു. 

നേരത്തെ ആയിരങ്ങള്‍ പങ്കെടുത്ത സ്വാഭിമാന്‍ റാലിയും നടന്നു. റാലിക്ക് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് കെ.പി. സതീശന്‍, നേതാക്കളായ എം.കെ. സന്തോഷ്, സി.കെ. രജീഷ്, കെ. ഷിനോയി, കെ. ജിഷ്ണു, സി.വി. വിജയന്‍ മാസ്റ്റര്‍,കെ. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.