ചലച്ചിത്രമേളയെ സിപിഎം മേളയാക്കുന്നെന്ന് ആക്ഷേപം; സിനിമപ്രവര്‍ത്തകര്‍ക്ക് വേണ്ട പങ്കാളിത്തമില്ല; സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതില്‍ പ്രതിഷേധം

Saturday 7 December 2019 4:59 pm IST

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിലടക്കം സിനിമപ്രവര്‍ത്തകരെ അവഗണിച്ച് രാഷ്ട്രീയക്കാര്‍ക്ക് അമിത പ്രധാന്യം നല്‍കുന്നെന്ന് ആക്ഷേപം ശക്തമാകുന്നു. പഴയകാല നടി ശാരദ മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങില്‍ ക്ഷണിതാവായി ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ സിനിമയിലെ വിവിധ സംഘടനകളിലെ പ്രമുഖര്‍ക്ക് മേളയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിരുന്നു. എന്നാല്‍, ഇക്കൊല്ലം നിര്‍മാതാക്കളുടേയോ വിതരണക്കാരുടേയോ ഉള്‍പ്പെടെ ഒരു സംഘടനയിലെയും അംഗങ്ങള്‍ക്ക് പാസുകള്‍ പോലും ലഭ്യമാക്കിയിരുന്നില്ല. ഇതിനെതിരേ പരോക്ഷമായെങ്കിലും സിനിമപ്രവര്‍ത്തകര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങില്‍ നടി ശാരദയെ കൂടാതെ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപിള്ള സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജൂറി ചെയര്‍മാന്‍ ഖെയ്‌റി ബെഷാറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കൗണ്‍സിലര്‍ പാളയം രാജന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തത്. വേദിയിലടക്കം സിപിഎം നേതാക്കളുടെ നിരയും ദൃശ്യമായിരുന്നു. 

അതേസമയം, ഐഎഫ്എഫ്‌കെയുടെ ഫെസ്റ്റിവല്‍ ഓഫീസുള്ള ടാഗോര്‍ തീയറ്ററില്‍ സംവിധായകരടക്കമുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധവും ശക്തമാണ്. സ്വതന്ത്ര സിനിമാ സംവിധായകര്‍ക്ക് ഐഎഫ്എഫ്‌കെയില്‍ അവസരം നിഷേധിക്കപ്പെടുന്നു എന്നു വ്യക്തമാക്കിയാണ് സിനിമ സംവിധായകര്‍ പ്രതിഷേധവുമായെത്തിയത്. മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന സംഘടനയിലെ സിനിമ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, വൈറസ്, ഉണ്ട, ജല്ലിക്കട്ട്, ഇഷ്‌ക്, ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, വൃത്താകൃതിയിലുള്ള ചതുരം, പനി, വെയില്‍ മരങ്ങള്‍, രൗദ്രം, കെഞ്ചിറ (പണിയ ഭാഷ), ഒരു ഞായറാഴ്ച എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ കുമ്പളങ്ങി നൈറ്റ്‌സ് വൈറസ്, ഉയരെ എന്നീ സിനിമകള്‍ ഉള്‍പ്പെടെ മിക്ക സിനിമകളും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളാണെന്നാണ് ഇവരുടെ പരാതി. മുടക്കുമുതല്‍ കുറഞ്ഞ സ്വതന്ത്ര സിനിമകള്‍ തഴയപ്പെടുന്നുവെന്നും മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നു. ഐഎഫ്എഫ്‌കെയില്‍ അവസരം നിഷേധിക്കപ്പെട്ട സിനിമകളില്‍ കൂടുതലും സ്വതന്ത്ര സിനിമ സംവിധായകരുടെ ആദ്യ സിനിമകളാണ്. തഴയപ്പെട്ടതില്‍ 7 വനിതാ സംവിധായകരുടെ സിനിമകളും ഉണ്ടായിരുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.