കീഴടങ്ങിയില്ല, ഇന്ത്യ പൊരുതി വീണു

Friday 12 July 2019 1:43 am IST
വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും സമയം ഏറെ ബാക്കിയുണ്ട്. തോല്‍വി ഒന്നിന്റെയും അവസാനമല്ല. തത്ക്കാലം നമുക്ക് ഈ ടീമിന് നന്‍മ നേരാം. ഒരു തോല്‍വികൊണ്ടു ലോകം അവസാനിക്കുന്നില്ലല്ലോ. ഇന്ത്യ കീഴടങ്ങുകയല്ലല്ലോ പൊരുതി വീഴുകയല്ലേ ചെയ്തത്? തുടക്കത്തിലെ വമ്പന്‍ തകര്‍ച്ചയില്‍നിന്ന് തിരിച്ചുകയറാന്‍ ഇന്ത്യ കാഴ്ചവച്ച ആ പോരാട്ടവീര്യമാണ് അംഗീകരിക്കപ്പെടേണ്ടത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍, തങ്ങളുടെ മികവിനും പരിചയസമ്പത്തിനും യോജിക്കാത്ത മട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പകച്ചുപോയി എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആ അങ്കലാപ്പില്‍നിന്ന് യാഥാര്‍ഥ്യത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു.

ലോകകപ്പ് ക്രിക്കറ്റിന്റെ അവസാനപടിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ പ്രതീക്ഷ വീണുടഞ്ഞത് ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അസൂയാവഹമായ മികവോടെ കുതിച്ചുകയറിയ ഇന്ത്യന്‍ ടീമില്‍നിന്ന് ഇതിലേറെയൊക്കെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. ക്രിക്കറ്റ് ലോകത്തെത്തന്നെ അമ്പരപ്പിച്ച തോല്‍വിയായിരുന്നു സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പിണഞ്ഞത്. അത്രമാത്രം വിസ്മയകരമായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള പ്രകടനം എന്നര്‍ഥം. ഉയരം കൂടുംതോറും വീഴ്ചയ്ക്ക് ശക്തികൂടും. തോല്‍വി കനത്തതായിരുന്നില്ലെങ്കിലും ഇന്ത്യയുടെ പതനം അതുകൊണ്ടുതന്നെ കനത്തതായി. കളികള്‍ വിജയങ്ങളുടേയും തോല്‍വികളുടേയും മിശ്രിതമാണെന്നതും ഒരുടീം ജയിക്കാന്‍ മറ്റൊരു ടീം തോല്‍ക്കണം എന്നതുമൊക്കെ ലോക നിയമമാണെങ്കിലും തോല്‍വി തോല്‍വി തന്നെയാണ്. അതിന്റെ നിരാശയില്‍നിന്ന് കരകയറാന്‍ നാളുകള്‍ കുറെ എടുക്കുകയും ചെയ്യും. നാലുവര്‍ഷം കാത്തിരിക്കണം ഇനിയൊരു ലോകകപ്പ് വരാന്‍.

വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും സമയം ഏറെ ബാക്കിയുണ്ട്. തോല്‍വി ഒന്നിന്റെയും അവസാനമല്ല. തത്ക്കാലം നമുക്ക് ഈ ടീമിന് നന്‍മ നേരാം. ഒരു തോല്‍വികൊണ്ടു ലോകം അവസാനിക്കുന്നില്ലല്ലോ. ഇന്ത്യ കീഴടങ്ങുകയല്ലല്ലോ പൊരുതി വീഴുകയല്ലേ ചെയ്തത്? തുടക്കത്തിലെ വമ്പന്‍ തകര്‍ച്ചയില്‍നിന്ന് തിരിച്ചുകയറാന്‍ ഇന്ത്യ കാഴ്ചവച്ച ആ പോരാട്ടവീര്യമാണ് അംഗീകരിക്കപ്പെടേണ്ടത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍, തങ്ങളുടെ മികവിനും പരിചയസമ്പത്തിനും യോജിക്കാത്ത മട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പകച്ചുപോയി എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആ അങ്കലാപ്പില്‍നിന്ന് യാഥാര്‍ഥ്യത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ആ അവസ്ഥയില്‍നിന്നാണ് നൂല്‍പ്പാലത്തിലൂടെ പിടിച്ചുകയറാന്‍ ഇന്ത്യന്‍ താരങ്ങള്‍ പൊരുതിനിന്നത്. ജീവന്‍മരണ പോരാട്ടമായിരുന്നു അത്. കളിമികവിന്റെയും മനസ്സാന്നിദ്ധ്യത്തിന്റെയും പോരാട്ടം. വമ്പന്‍ സ്‌കോറിനെ മറികടക്കാന്‍ വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള ആവേശവും വീണുപോയാല്‍ പിന്നാലെ വരാന്‍ ആളില്ലെന്ന യാഥാര്‍ഥ്യബോധവും തമ്മിലുള്ള പോരാട്ടം. ആ മത്സരത്തിലാണ് മഹേന്ദ്ര സിങ് ധോണിയും രവീന്ദ്ര ജഡേജയും വീണുപോയത്.

എത്ര മികച്ച ഫോമിലായിരുന്നാലും കളിയില്‍ അന്നത്തെ നിലവാരവും സാഹചര്യങ്ങളുമാണല്ലോ നിര്‍ണായകമാകുന്നത്. മനസ്സാന്നിദ്ധ്യത്തിന്റെ കളിയാണു ക്രിക്കറ്റ്. സെഞ്ചുറികളുടേയും റണ്‍സിന്റെയും വിക്കറ്റുകളുടേയും കണക്കുകള്‍ അവിടെ അപ്രസക്തമാകും. ഈ സെമി ഫൈനല്‍ പോരാട്ടത്തില്‍ കണക്കുകള്‍ ഇന്ത്യയ്ക്കൊപ്പമായിരുന്നെങ്കിലും സാഹചര്യങ്ങള്‍ ന്യൂസീലന്‍ഡിന് അനുകൂലമായി ഭവിച്ചു. തുടക്കത്തിലെ നേട്ടങ്ങളിലൂടെ മാനസിക ആധിപത്യവും അവര്‍നേടി. അത് അവര്‍ ആവുംവിധം മുതലാക്കുകയും ചെയ്തു. ക്രിക്കറ്റ് ശരിക്കും ടീം ഗെയിം ആകുന്നത് ഫീല്‍ഡ് ചെയ്യുമ്പോഴാണ്. ഫീല്‍ഡില്‍ ന്യൂസീലന്‍ഡ് ടീമായി ഒത്തിണങ്ങി. ബൗളിങ്ങിന്റെ മൂര്‍ച്ചയ്ക്കു പൂര്‍ണത നല്‍കുന്നതും ഫലം നല്‍കുന്നതും ഫീല്‍ഡിങ് മികവാണ്. പഴുതടച്ച ന്യൂസീലന്‍ഡ് ഫീല്‍ഡിങ്ങിനെതിരെ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. തുടക്കത്തിലെ തകര്‍ച്ചയില്‍ സമനില കൈവിട്ടിടത്താണ് ഇന്ത്യയ്ക്ക് പിഴച്ചത്. അത് ആത്യന്തിക പരാജയത്തില്‍ കലാശിക്കുകയും ചെയ്തു. 

ലോകകപ്പ് ഇനിയും വരും. ഈ വീഴ്ച്ചയില്‍നിന്നുള്ള പാഠങ്ങള്‍ കരുത്താക്കാന്‍ ഇന്ത്യയ്ക്ക് അന്നു കഴിയണം. കളിയുടെ സാങ്കേതിക മികവിനൊപ്പം മാനസികമായ കരുത്താര്‍ജിക്കാനും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനും ഇന്ത്യക്കാര്‍ക്ക് കഴിയണം. സാങ്കേതിക മികവില്‍ ഇന്ത്യക്കാര്‍ ആര്‍ക്കും പിന്നിലല്ല. പക്ഷേ, ലോകകപ്പ് പോലൊരു വേദിയില്‍ ജയിക്കാന്‍ അതുമാത്രം മതിയാകില്ല. ആ പാഠമാണ് ന്യൂസീലന്‍ഡ് പഠിപ്പിച്ചത്. പരിചയസമ്പന്നരും യുവരക്തവും ഇന്ത്യയ്ക്കു സ്വന്തമായുണ്ടല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.