രാജ്യം 73ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍; രാവിലെ എഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Thursday 15 August 2019 8:20 am IST

ന്യൂദല്‍ഹി : എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കുള്ള ഒരുങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. കനത്ത ജാഗ്രതയിലാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. 

ജമ്മുകശ്മീര്‍ പുനസംഘടനയ്ക്കു ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിനത്തെ രാജ്യം ഏറെ  പ്രതീക്ഷയോടേയും കരുതലോടേയുമാണ് ഉറ്റുനോക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനം ഉള്‍പ്പടെ തന്ത്രപ്രധാന ഇടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയിലെ റെയില്‍വേ സ്റ്റേഷനുകളിലും മെട്രോയിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇന്നലെ വൈകീട്ടോടെ ദല്‍ഹിയിലെ പ്രധാന ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

സ്വാതന്ത്ര്യത്തിനോട് അനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും. ഒമ്പതരയ്ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവം പതാക ഉയര്‍ത്തും. രാജ്ഭവനില്‍ വൈകീട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടര്‍ന്ന് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവന്‍ രക്ഷാപതക്കും മാത്രമാവും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.