അരി എത്ര? പയറഞ്ഞാഴി; ചൈനയിലെ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കശ്മീര്‍ വിഷയം ചര്‍ച്ചക്ക് എടുത്തിട്ടു: ഇമ്രാന്റെ നിരാശയും ഇരട്ടത്താപ്പും പുറത്തായെന്ന് ഇന്ത്യ

Thursday 23 January 2020 7:52 pm IST

ദാവോസ്: ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന പീഡനത്തിനെ എതിര്‍ക്കില്ലായെന്ന് പരസ്യമായി പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ വിഷയത്തിന് പാകിസ്ഥാന്‍ പ്രാധാന്യം നല്‍കുന്നില്ലായെന്നും ചൈന പാകിസ്ഥനെ ഒരുപാട് സഹായിക്കുന്നവരാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. സ്വിറ്റസര്‍ലാന്റിലെ ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ വിദേശ നയം എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. 

ചൈന ഞങ്ങളെ ആപത് ഘട്ടങ്ങളില്‍ സഹായിച്ചവരാണ്. ആ നന്ദി പാകിസ്ഥാന് എപ്പോഴും ഉണ്ടാകും. ചൈനയിലെ ഉയിഗുര്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ല. ചൈനയിലെ പ്രശ്‌നങ്ങളെ കശ്മീരിലെ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യാനാകില്ലായെന്നും ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇടപെടണമെന്ന് ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇമ്രാന്‍ഖാന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവന്നു. പാകിസ്ഥാന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു എന്നതിന്റെ സൂചനയാണ് ദാവോസിലെ ഇമ്രാന്‍ഖാന്റെ പ്രതികരണത്തില്‍ നിന്നും മനസ്സിലായതെന്നും അദ്ദേഹം തീര്‍ത്തും നിരാശനാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. പാകിസ്ഥാന്റേത് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഇടമല്ല സാമ്പത്തിക ഉച്ചകോടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.