ഓസ്‌ട്രേലിയക്കെതിരായ പരമ്പര: തിരിച്ചുവരാന്‍ ഇന്ത്യ

Friday 17 January 2020 4:00 am IST

രാജ്‌കോട്ട്: പരീക്ഷണം പാളിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ  സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്ക് ചുവട് മാറുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങും. പരമ്പരയില്‍ ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ഉച്ചകഴിഞ്ഞ് 1.30ന് കളി തുടങ്ങും. 

മുംബൈയിലെ ആദ്യ മത്സരത്തില്‍ തോല്‍വിയുടെ പടുകുഴിയിലേക്ക് വീണ കോഹ്‌ലിപ്പട പരമ്പരയില്‍ 0-1ന് പിന്നിലാണ്. പരമ്പരയ്ക്ക് ജീവന്‍ പകരണമെങ്കില്‍ ഇന്ന് എന്തുവിലകൊടുത്തും വിജയം പിടിക്കണം. തോറ്റാല്‍ എല്ലാം കഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയുമായി കംഗാരുപ്പട നാട്ടിലേക്ക് മടങ്ങും. 

മികച്ച് ഫോമിലുള്ള ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ പരീക്ഷണത്തിന് തുനിഞ്ഞത്. മൂന്നാം നമ്പറില്‍ തകര്‍ത്തുകളിക്കുന്ന നായകന്‍ നാലാം നമ്പറിലേക്ക് മാറി. ഈ മാറ്റം എല്ലാം തകിടം മറിച്ചു. ബാറ്റിങ് വിക്കറ്റില്‍ തകര്‍ന്നുവീണ ഇന്ത്യ നാണം കെട്ട തോല്‍വിയും ഏറ്റുവാങ്ങി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും പത്ത് വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പുറത്തായതിനാല്‍ കെ.പി. രാഹുല്‍ കീപ്പറായി ടീമിലുണ്ടാകും. ആദ്യ ഏകദിനത്തിലേതുപോലെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മുംബൈയില്‍ രോഹിത് മങ്ങിയപ്പോള്‍ ധവാന്‍ തിളങ്ങി. 91 പന്തില്‍ 74 റണ്‍സ് നേടിയാണ് ധവാന്‍ ക്രീസ് വിട്ടത്്. പന്തിന്റെ അഭാവത്തില്‍ മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിക്കും. പൂനെയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 യില്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിചയ സമ്പന്നനായ കേദാര്‍ ജാദവ്, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ക്കും അവസാന ഇലവനില്‍ ഇടം കിട്ടിയേക്കും. 

വാങ്കഡേയിലെ തിരിച്ചടി മറന്ന് ഇന്ത്യന്‍ ബൗളിങ്‌നിര രാജ്‌കോട്ടില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്. പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറയ്ക്ക് പഴയ ഫോമിലേക്ക് ഉയരാനായിട്ടില്ല. ബുംറ ഇന്ന് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. 

മുംബൈയില്‍ അഞ്ച് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത ഷാര്‍ദുല്‍ താക്കുറിന പകരം ദല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ആദ്യ മത്സരത്തില്‍ 55 റണ്‍സ്് വിട്ടുകൊടുത്ത കുല്‍ദീപ് യാദവിന് ടീമില്‍ സ്ഥാനം നഷ്ടമായേക്കും. പകരം യുസ്‌വേന്ദ്രര്‍ ചഹലിന് അവസരം നല്‍കിയേക്കും.  

മറുവശത്ത് ഓസ്‌ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്രീസില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ അവര്‍ ജയം ആവര്‍ത്തിച്ച് പരമ്പര പോക്കറ്റിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്ത്, മിന്നുന്ന ഫോം നിലനിര്‍ത്തുന്ന ലാബുഷെയ്‌നുമൊക്കെ അണിനിരക്കുന്ന ഓസീസ് ശക്തമായ ടീമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.