'ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാക്കാന്‍ അനുവദിക്കില്ല; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും'; സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

Friday 19 July 2019 1:27 pm IST

ന്യൂദല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അതിനായി ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പുറത്തിറക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ജൂലൈ 31 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് നീട്ടികിട്ടണമെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരും അസം സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. അയോഗ്യരായവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കി പട്ടിക പുനഃക്രമീകരിക്കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. തെറ്റായ കാര്യങ്ങള്‍ നീക്കിയും ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയും പട്ടിക വീണ്ടും തയ്യാറാക്കണമെന്ന് കേന്ദ്രം പറഞ്ഞു.

ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. അന്തിമ പട്ടിക പുറത്തിറക്കാന്‍ ഒരു മാസം കൂടി അധികം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലലും നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്നും അദേഹം പറഞ്ഞു. ഭാരതത്തിന്റെ എത് മുക്കിലും മൂലയിലും താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്താനാണ് ഉദേശിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമോയെന്ന സമാജ്വാദി പാര്‍ട്ടി എംപി ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.