പിങ്ക് പന്ത് നാരങ്ങ പച്ച നിറത്തിലാകുമോ? ബാറ്റ്സ്മാന്മാര് ആശങ്കയില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ക്രിക്കറ്റിനു ടീം ഇന്ത്യ കഠിന പരിശീലനത്തില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ക്രിക്കറ്റിനു ടീം ഇന്ത്യ പരിശീലനം തുടങ്ങി. പുതിയ നിറത്തിലുള്ള പന്ത് രാത്രിയില്‍ നിറം മാറുന്നത് ബാറ്റ്സ്മാന്മാര്ക്കിടയില് ആശങ്കയുണ്ടാക്കുന്നു. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്.
മുന്‍പ് ദുലീപ് ട്രോഫിയില്‍ കളിച്ചു പരിചയമുള്ള ചേതേശ്വര്‍ പൂജാരയുടെ അനുഭവം രാത്രി പിങ്ക് പന്ത് കാണാന്‍ പ്രയാസമുണ്ടെന്നാണ്. സൂര്യസ്തമയ സമയത്ത് പിങ്ക് പന്ത് ഏതാണ്ട് നാരങ്ങാ പച്ചനിറത്തിലാണ് കാണപ്പെടുക എന്നാണ് പൂജാര പറയുന്നത്. നിലവിലുള്ള താരങ്ങളില്‍ പൂജാരക്കുപുറമേ ബംഗാള്താരമായ വൃദ്ധിമാന്‍ സാഹ, മൊഹമ്മദ് ഷമി, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരാണ് പ്രാദേശിക ക്രിക്കറ്റില്‍ പിങ്ക് പന്തില്‍ കളിച്ചിട്ടുള്ളത്. എന്തായാലും പിങ്ക് പന്തില്‍ കളിക്കുമ്പോള്‍ രാത്രിയിലെ ബാറ്റിംഗ് ഏറെ വെല്ലുവിളി നിറഞ്ഞതാകുമെന്നാണ് താരങ്ങള്‍ പ്രതീക്ഷിക്കുന്നത്
കോഹ്ലി അടക്കമുള്ള ബാറ്റ്സ്മാന്മാരെല്ലാം പുതിയ നിറത്തിലുള്ള പന്തില്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 11 പകല്‍രാത്രി ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ടീം ഓസ്ട്രേലിയയാണ്. അഞ്ച് ടെസ്റ്റുകളിലാണ് ഓസീസ് കളിച്ചത്. എന്നാല്‍ പാകിസ്ഥാന്, വിന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ 3 ടെസ്റ്റുകള്‍ വീതം കളിച്ച പരിചയമുള്ള ടീമുകളാണ്. ഇവരെക്കൂടാതെ ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ രണ്ടു ടെസ്റ്റ്കള്‍ വീതവും സിംബാബ്വേ ഒരു ടെസ്റ്റുമാണ് കളിച്ചിട്ടുണ്ട്. 2015ല്‍ ഓസീസും ന്യൂസിലാന്റും തമ്മിലായിരുന്നു പിങ്ക് പന്തിലെ ആദ്യമത്സരത്തില്‍ പങ്കെടുത്തെത്. മത്സരത്തില്‍ ഓസീസാണ് വിജയിച്ചത്.