രാജ്യാന്തര രംഗത്ത് വീണ്ടും ഇന്ത്യന്‍ തിളക്കം

Saturday 18 January 2020 5:00 am IST

പൗരത്വ നിയമ ഭേദഗതിയുടേയും 370-ാം വകുപ്പ് റദ്ദാക്കലിന്റെയുമൊക്കെ പേരില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യക്കെതിരാകുന്നു എന്ന പ്രചാരണങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നു. ഇന്ത്യയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളോടും നിലപാടുകളോടും കടുത്ത എതിര്‍പ്പുള്ളവരാണ് ലോകരാജ്യങ്ങളില്‍ മിക്കവയും എന്നത് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും ഇടത് മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരുന്ന പ്രചാരണമാണ്. എന്നാല്‍ ഈ പ്രചാരണം കല്ലുവച്ച നുണമാത്രമാണെന്ന് പലവട്ടം തെളിഞ്ഞതാണ്. ഇപ്പോഴിതാ കശ്മീര്‍ വിഷയത്തില്‍ ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ നടത്തിയ നീക്കങ്ങളെ ഐക്യരാഷ്ട്ര രക്ഷാസമിതി തള്ളിക്കളയുകയും പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യ ഒരിക്കല്‍കൂടി ഉറപ്പിച്ചിരിക്കുന്നു. ചൈന ഒഴികെയുള്ള എല്ലാ അംഗങ്ങളും ഇന്ത്യക്ക് അനുകൂലമായ നിലാപാടാണ് രക്ഷാസമിതിയിലെടുത്തത്. കശ്മീര്‍ വിഷയം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കണമെന്നുമായിരുന്നു ഭൂരിപക്ഷം അംഗരാഷ്ട്രങ്ങളുടെയും നിലപാട്.

പാക്കിസ്ഥാനു വേണ്ടി രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ചൈന നടത്തിയ മൂന്നാമത്തെ ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെട്ടത്. ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചര്‍ച്ചചെയ്യണമെന്ന ചൈനയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു രക്ഷാസമിതി യോഗം. അതേസമയം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രചരിപ്പിച്ചു. മാത്രമല്ല, ചൈന ആഗ്രഹിച്ചതുപോലെ യോഗത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നതിനാല്‍ രക്ഷാസമിതി ഇതില്‍ ഇടപെടരുതെന്ന് മറ്റ് അംഗരാഷ്ട്രങ്ങള്‍ വാദിച്ചു. പാക്കിസ്ഥാനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന അറബ് രാഷ്ട്രങ്ങളും ഈ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യ നേടുന്ന നയതന്ത്രവിജയങ്ങളെ മറച്ചുവച്ചുകൊണ്ട് നുണപ്രചാരണം നടത്തുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും. കേരളത്തില്‍ മാധ്യമങ്ങളുടെ നുണപ്രചാരണം കൂടുതല്‍ ശക്തമാണ് എന്ന കാര്യം എടുത്തുപറയണം. ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാന്‍ സൈനിക കോടതിയില്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ കഴിഞ്ഞ ജൂലൈയില്‍ അന്താരാഷ്ട്ര കോടതി തടഞ്ഞത് ഇന്ത്യയുടെ നയതന്ത്രവിജയങ്ങളില്‍ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. അതിനു മുമ്പെ പാക്കിസ്ഥാന്‍ ഭീകരതയുടെ ആണിക്കല്ലായ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് പാക്കിസ്ഥാനെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ വിജയമായിരുന്നു. ഇങ്ങനെ നിരവധിയുണ്ട് ഇന്ത്യന്‍ നയതന്ത്രവിജയത്തിന്റെ കഥകള്‍ എണ്ണിപ്പറയാന്‍.

ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ സമാധാനത്തിലേക്ക് എത്തിക്കാനും ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളിലേക്കാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തോടെ ഇറാനും അമേരിക്കയും തമ്മിലുടലെടുത്ത സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയുടെ ഇടപെടലിനെ ഇറാന്‍ സ്വാഗതം ചെയ്യുകയുണ്ടായി. ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ദക്ഷിണേഷ്യന്‍ രാജ്യമെന്ന നിലയില്‍ ഇറാന്‍-അമേരിക്ക പ്രശ്‌നത്തില്‍ ഇന്ത്യക്ക് പ്രധാനപങ്ക് വഹിക്കാനാകുമെന്നും ഇറാന്റെ, ഇന്ത്യയിലെ സ്ഥാനപതി അലി ചെഗനി പറയുകയുണ്ടായി.

രക്ഷാസമിതിയില്‍ കഴിഞ്ഞദിവസം ഇന്ത്യ നേടിയ നയതന്ത്രവിജയം പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ ലോകരാജ്യങ്ങളോടെല്ലാം സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും എല്ലാവരും ഒരുപോലെ കയ്യൊഴിഞ്ഞു. ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ പോലും പിന്തുണ നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ അനുഭവമാണ് കഴിഞ്ഞദിവസം യുഎന്‍ രക്ഷാസമിതിയിലുമുണ്ടായത്. ഇന്ത്യ അതിന്റെ സ്ഥായീഭാവത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുടെ വാക്കുകള്‍; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാക്കിസ്ഥാനെ ഉപദേശിക്കുകയാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ ചെയ്തത്. ഇന്ത്യയെ തകര്‍ക്കാമെന്ന വ്യാമോഹം പാക്കിസ്ഥാനും, അവര്‍ക്കുവേണ്ടി ഇന്ത്യയില്‍ കുഴലൂത്ത് നടത്തുന്നവരും ഇനിയെങ്കിലും ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.