ട്വന്റി ട്വന്റിയിലെ നാണക്കേടിന് പകരം വീട്ടി; ഏകദിന പരമ്പര തൂത്തുവാരി കീവിസ്; ഇന്ത്യന്‍ തോല്‍വി അഞ്ചു വിക്കറ്റിന്

Tuesday 11 February 2020 3:21 pm IST

മൗണ്ട് മൗനുഗായ്: ട്വന്റി ട്വന്റിയിലെ നാണക്കേടിന് പകരം വീട്ടി ന്യൂസിലാന്‍ഡ് ടീം. മൂന്നാം ഏകദിനവും അനായാസം വിജയിച്ച് ഇന്ത്യക്കെതിരായ പരമ്പര കീവീസ് തൂത്തുവാരി. മൗണ്ട് മാംഗനൂയിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇവിടെ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം 17 പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ കിവീസ് മറികടന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (46 പന്തില്‍ 66), നിക്കോള്‍സ് (103 പന്തില്‍ 80), ഗ്രാന്‍ഡ്‌ഹോം (28 പന്തില്‍ 58) എന്നിവരാണ് കിവീസിന്റെ വിജയശില്‍പികള്‍. മധ്യഓവറുകള്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഗ്രാന്‍ഡ് ഹോം- ലഥാം (32) സഖ്യം ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം മറികടത്തി. 

ഓപ്പണിങ് വിക്കറ്റില്‍ ഗപ്റ്റില്‍-നിക്കോള്‍സ് സഖ്യം ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 296 റണ്‍സ് നേടിയത്. ഏകദിനത്തിലെ നാലാം സെഞ്ചുറി കുറിച്ച രാഹുല്‍ 112 റണ്‍സെടുത്ത് പുറത്തായി. പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ച അയ്യര്‍ 62 റണ്‍സെടുത്തും മനീഷ് പാണ്ഡെ 42 റണ്‍സെടുത്തും പുറത്തായി. ആതിഥേയര്‍ക്കായി ഹാമിഷ് ബെന്നറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.