നയതന്ത്രത്തിലെ ഇന്ത്യയുടെ സ്ഥിതപ്രജ്ഞത

Saturday 25 January 2020 6:41 am IST

 

കശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണമെന്ന നിലപാട് സ്വതന്ത്ര ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. കശ്മീരിന്റെ കാര്യത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെനിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള ഇന്ത്യയുടെ പ്രസ്താവന മേല്‍പറഞ്ഞ ഉറച്ച നിലപാടിന്റെ തുടര്‍ച്ചയാണ്. അതേസമയം, തന്നോട് മാധ്യസ്ഥ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു എന്ന ട്രംപിന്റെ പ്രസ്താവനയുടെ സത്യാവസ്ഥ എന്തെന്നറിയുന്നതിന് മുമ്പു തന്നെ ഈ വിഷയത്തില്‍ മോദിയുടെ പങ്കിനെ കുറിച്ച് സംശയമുന്നയിച്ച പ്രതിപക്ഷ നേതാക്കളുടെ നിലപാട് പരിഹാസ്യമാണ്. കഴിഞ്ഞമാസം ജപ്പാനിലെ ഒസാകയില്‍ ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ മോദി മാധ്യസ്ഥ്യ ആവശ്യം തന്നോട് ഉന്നയിച്ചു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടു തന്നെ ട്രംപിന്റെ ഈ പ്രസ്താവനയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇടപെടലിന് തയ്യാറാണെന്ന് അമേരിക്ക മുമ്പും പ്രസ്താവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അത് നിരസിക്കുകയും കശ്മീര്‍, ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള വിഷയമാണിതെന്നും ഇന്ത്യ വ്യക്തമാക്കിയതാണ്. ഏറ്റവുമൊടുവില്‍ ചൈനയെ ഇടപെടുത്തി പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോഴും, അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് പാക്കിസ്ഥാന്‍ ഒരുങ്ങണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ട്രംപിനോട് മാധ്യസ്ഥ്യം വഹിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കുകയും ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇതുസംബന്ധിച്ച് അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുകയാണ് പ്രതിപക്ഷം. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പ്രശ്‌നപരിഹാരം എന്നത് ഇന്ത്യയുടെ സ്ഥിരം നിലപാടാണെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാറും ട്വീറ്റ് ചെയ്തു. 

ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലുള്ള ഇന്ത്യയുടെ നിലപാടിന് 48 വര്‍ഷത്തെ ചരിത്രമുണ്ട്. 1972ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവച്ച ഷിംല കരാറാണ് ഈ നിലപാടിന് അടിസ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള അയല്‍ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഷിംല കരാറിലെ മുഖ്യവിഷയം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കപ്പെടാന്‍ എന്ന് ഈ കരാര്‍ ഊന്നിപ്പറയുകയും ചെയ്യുന്നു. നിയന്ത്രണരേഖയും  (എല്‍ഒസി) ഷിംല കരാറിന്റെ സൃഷ്ടിയാണ്. 1971ലെ ബംഗഌദേശ് യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ദിവസം നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇരുരാജ്യങ്ങളും കൈവശം വെയ്ക്കാന്‍ കരാറില്‍ നിബന്ധനയുണ്ടാക്കുകയായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉഭയകക്ഷി ചര്‍ച്ചയാണെന്ന ഉറച്ചനിലപാടില്‍ നില്‍ക്കുമ്പോഴും തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുന്നതു വരെ പാക്കിസ്ഥാനുമായി ചര്‍ച്ച ആലോചിക്കുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനകളോടും അവരെ സംരക്ഷിക്കുന്നവരോടും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യക്തമായിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ചൈനയെ മുന്‍നിര്‍ത്തി ഐക്യരാഷ്ട്ര സംഘടനയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങളെ ശക്തിയായി ചെറുക്കുന്നതിന് ഇന്ത്യക്ക് ലോകരാജ്യങ്ങളില്‍ നിന്ന് നിര്‍ലോഭമായി ലഭിക്കുന്ന സഹകരണവും കഴിഞ്ഞ നാളുകളില്‍ നാം കണ്ടതാണ്. അമേരിക്ക മാധ്യസ്ഥം വഹിക്കുമെന്ന പാക്കിസ്ഥാന്റെ വ്യാമോഹത്തിനും അടിക്കടി തിരിച്ചടിയുണ്ടായിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും പാക്കിസ്ഥാന്‍ നേരിടുന്ന ഒറ്റപ്പെടലും തിരിച്ചറിയാത്തതുപോലെ രാഷ്ട്രീയ താത്പര്യം മാത്രം മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ബാലിശമായ പ്രസ്താവനകളെ ഇന്ത്യന്‍ ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.