കള്ളപ്പണത്തിനെതിരെയുള്ള നടപടി ശക്തമാക്കി കേന്ദ്രം; സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍

Thursday 11 July 2019 6:30 pm IST

ന്യൂദല്‍ഹി: കള്ളപ്പണ വേട്ടയ്‌ക്കെതിരെയുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയതിന് പിന്നാലെ  സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്ന് അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെയടക്കം വിവരങ്ങള്‍ സെപ്റ്റംബറോട് കൂടി ഇന്ത്യക്ക് കൈമാറുംകേന്ദ്രമന്ത്രി വി മുരളീധരനാണ് ഇക്കാര്യം രേഖാമൂലം ലോക്‌സഭയെ അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണവേട്ട ശക്തമാക്കിയതോടെ സ്വിസ് ബാങ്കിലെ പണം പിന്‍വലിക്കാന്‍ പല പ്രമുഖരും പരക്കം പാഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്കും പിടി വീഴും. മുന്‍ അക്കൗണ്ട് വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും സ്വിസ് ബാങ്ക് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര സാമ്പത്തിക സുതാര്യത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കള്ളപ്പണത്തിനെതിരായ ഇന്ത്യന്‍ പോരട്ടത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചിട്ടുണ്ട്.നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരായ ഇന്ത്യന്‍ നീക്കങ്ങള്‍ ആഗോള മാതൃകയാണെന്നും അത്തരം നീക്കങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍വാത്മനാ പിന്തുണയ്ക്കുമെന്നും ദല്‍ഹിയിലെ സ്വിസ്സ് എംബസ്സി അറിയിച്ചു.

നൂറില്‍പ്പരം രാജ്യങ്ങളുമായി കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി സുതാര്യമായ സാമ്പത്തിക സഹകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിസ് ബാങ്കിന്റെ നയങ്ങള്‍ക്ക് വിധേയമായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സാമ്പത്തിക കാര്യാലയം നിരീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.