തിരുവനന്തപുരം ട്വന്റി 20യില്‍ 'എട്ടു' നിലയില്‍ പൊട്ടി ഇന്ത്യന്‍ ടീം; വെസ്റ്റ് ഇന്‍ഡീസ് വിജയം എട്ടു വിക്കറ്റിന്

Sunday 8 December 2019 10:28 pm IST

തിരുവന്തപുരം: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വിന്‍ഡീസിന് വിജയം.  171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഒരിക്കല്‍ പോലും ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യന്‍ ടീമിനായില്ല. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സാണ് അടിച്ചത്. ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ അനായാസമാണ് വിന്‍ഡീസ് തോല്‍പ്പിച്ചത് ഓപ്പണിങ് കൂട്ടുകെട്ടു മുതല്‍ ശ്രദ്ധയോടെ ബാറ്റേന്തിയ വിന്‍ഡീസിനെ തളക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരിക്കല്‍ പോലും കഴിഞ്ഞില്ല. 

അര്‍ധസെഞ്ചുറിയുമായി ലെന്‍ഡ്ല്‍ സിമ്മണ്‍സ് ക്രീസില്‍ നിറഞ്ഞാടിയതോടെയാണ് വിന്‍ഡീസ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. സിമ്മണ്‍സ് 45 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ ആറില്‍ നില്‍ക്കെ സിമ്മണ്‍സ് നല്‍കിയ അനായാസ ക്യാച്ച് വാഷിങ്ടണ്‍ സുന്ദറും വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കെ എവിന്‍ ലൂയിസ് നല്‍കിയ ക്യാച്ച് ഋഷഭ് പന്തും കൈവിട്ടതാണ് ഇന്ത്യയ്ക്ക് വലിയ തോല്‍വി സമ്മാനിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ് മാത്രമാണ് എടുത്തത്.   24 റണ്‍സെത്തിയപ്പോഴേക്ക് കെ.എല്‍ രാഹുല്‍ പുറത്തായി. രോഹിതിനും അധികം ആയുസണ്ടായിരുന്നില്ല. ഇതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി. 

11 പന്തില്‍ ഒരു ഫോര്‍ സഹിതം 11 റണ്‍സെടുത്ത രാഹുലിനെ ഖാരി പിയറിയാണ് പുറത്താക്കിയത്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ ക്യാച്ചെടുത്തു.  രോഹിത് ശര്‍മ 18 ബോളില്‍ 15 റണ്‍സ് എടുത്താണ് പുറത്തായത്.  സ്‌കോര്‍ 120ല്‍ നില്‍ക്കെയാണ് കോലി പുറത്തായത്. 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്ക് ശ്രേയസ് അയ്യരും ഔട്ടായി. രവീന്ദ്ര ജഡേജയുടെ പ്രതീക്ഷ കാത്തില്ല. 11 പന്തില്‍ ഒമ്പത് റണ്‍സുമായി വില്ല്യംസിന്റെ പന്തില്‍ ബൗള്‍ഡ്. തൊട്ടുപിന്നാലെ വാഷിങ്ടണ്‍ സുന്ദറും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്.  ഒരു റണ്ണോടെ ദീപക് ചാഹറും 22 പന്തില്‍ 33 റണ്‍സുമായി ഋഷഭ് പന്തുമാണ് പുറത്താകാതെ നിന്നത്.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആദ്യം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. സിമ്മണ്‍സ് എടുത്ത 67 റണ്‍സാണ് വിജയക്കുതിപ്പ് നല്‍കിയത്.   ലൂയിസ് 35 പന്തില്‍ 40 റണ്‍സും എടുത്തു. ഷിമ്രോണ്‍ ഹെറ്റ്മയര്‍ 23 റണ്‍സും , നിക്കോളാസ് പുരാന്‍ 38 റണസും നേടി വിന്‍ഡീസിന് വിജയം ഒരുക്കി.  ഇതോടെ മൂന്നു ട്വന്റി-20 അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇനി അടുത്ത കളി ബുധനാഴ്ച്ച മുംബൈയില്‍ നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ പരമ്പര നേടും. 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.