എറിഞ്ഞിട്ട് ഷമി; സെഞ്ചുറിയുമായി ഹിറ്റമാന്‍; മിന്നുന്ന ബാറ്റിങ് പ്രകടനവുമായി കോഹ്‌ലി; കംഗാരുക്കളെ തകര്‍ത്ത് പരമ്പര നേടി ഇന്ത്യ

Sunday 19 January 2020 11:30 pm IST

ബെംഗളൂരു: രോഹിത് ശര്‍മയുടെ സെഞ്ചുറിയും നായകന്‍ കോഹ് ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യക്ക് പരമ്പര വിജയമൊരുക്കി. അവസാന മത്സരത്തില്‍ ഏഴു വിക്കറ്റിന് ഓസീസിനെ വീഴ്ത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി.

287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയില്‍ (131) അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 286 റണ്‍സാണെടുത്തത്.

രോഹിത് ശര്‍മ 128 പന്തില്‍ എട്ട് ഫോറും ആറു സിക്‌സും അടക്കം 119 റണ്‍സ് എടുത്തു. രോഹിതിന്റെ 29-ാം സെഞ്ചുറിയാണിത്. വിരാട് കോഹ്‌ലി 91 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. എട്ട് പന്ത് അതിര്‍ത്തികടത്തി. ശ്രേയസ് അയ്യര്‍ 35 പന്തില്‍ ആറു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 

സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 132 പന്തില്‍ 131 റണ്‍സ് നേടി. പതിനാല് ഫോറും ഒരു സിക്‌സും അടിച്ചു. സ്മിത്തിന്റെ ഒമ്പതാം സെഞ്ചുറിയാണിത്. 

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിന്റെ തുടക്കം പാളി. പതിനെട്ട് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കീപ്പര്‍ രാഹുലിന് ക്യാച്ച്് നല്‍കി. കേവലം മൂന്ന് റണ്‍സാണ് വാര്‍ണറുടെ നേട്ടം. 

വാര്‍ണര്‍ക്ക് പിന്നാലെ നായകന്‍ ആരോണ്‍ ഫിഞ്ച് റണ്‍ഔട്ടായി. സ്മിത്തുമായുള്ള ആശയക്കുഴപ്പമാണ് ഫിഞ്ചിന് വിനയായത്്. 26 പന്ത് നേരിട്ട ഫിഞ്ച് 19 റണ്‍സ് നേടി.

ലാബുഷെയ്ന്‍ സ്മിത്തിന് കൂട്ടെത്തിയതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകി. ഇരുവരും ഇന്ത്യ ബൗളിങ് ആക്രമണത്തെ ശക്തമായി നേരിട്ടു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലാബുഷെയ്‌നിനെ വീഴ്ത്തി ജഡേജയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തത്. കോഹ് ലി ക്യാച്ചെടുത്തു. 64 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയില്‍ ലാബുഷെയ്ന്‍ 54 റണ്‍സ് കുറിച്ചു. മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ ഓസീസ് സ്‌കോര്‍ 173. അതേ സ്‌കോറിന് തന്നെ അവരുടെ നാലാം വിക്കറ്റും നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ജഡേജയുടെ പന്തില്‍ ചഹലിന് പിടികൊടുത്തു. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരി സ്മിത്തിനൊപ്പം പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റില്‍ സ്മിത്തും ക്യാരിയും 58 റണ്‍സ് അടിച്ചെടുത്തു. 35 റണ്‍സ് എടുത്ത ക്യാരി കുല്‍ദീപിന് വിക്കറ്റ്് സമ്മാനിച്ച് മടങ്ങി. അഗര്‍ പതിനൊന്ന് റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഇന്ത്യക്കായി പേസര്‍ മുഹമ്മദ് ഷമി പത്ത് ഓവറില്‍ 63 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ജഡേജ പത്ത് ഓവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. പേസര്‍ സെയ്‌നിയും സ്പിന്നര്‍ കുല്‍ദീപും ഓരോ വിക്കറ്റ് എടുത്തു.

സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍ സി രാഹുല്‍ ബി മുഹമ്മദ് ഷമി 3, ആരോണ്‍ ഫിഞ്ച് റണ്‍ഔട്ട് 19, സ്റ്റീവ് സ്മിത്ത് സി അയ്യര്‍ ബി മുഹമ്മദ് ഷമി 131, ലാബുഷെയ്ന്‍ സി കോഹ് ലി ബി ജഡേജ 54, മിച്ചല്‍ സ്റ്റാര്‍ക്ക് സി ചഹല്‍ ബി ജഡേജ 0, അലക്‌സ് ക്യാരി സി അയ്യര്‍ ബി കുല്‍ദീപ് യാദവ് 35, എ.ജെ. ടര്‍ണര്‍ സി രാഹുല്‍ ബി സെയ്‌നി 4, എ.സി. അഗര്‍ നോട്ടൗട്ട് 11, പാറ്റ് കമിന്‍സ് ബി മുഹമ്മദ് ഷമി 0, എ. സാമ്പ ബി മുഹമ്മദ് ഷമി 1, ഹെയ്‌സല്‍വുഡ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 27, ആകെ 50 ഓവറില്‍ ഒ്മ്പത് വിക്കറ്റിന് 286.

വിക്കറ്റ് വീഴ്ച: 1-18, 2-46, 3-173, 4-173, 5-231, 6-238, 7-273, 8-276, 9-282.

ബൗളിങ്: ജസ്പ്രീത് ബുംറ 10-0-38-0, മുഹമ്മദ് ഷമി 10-0-63-4, സെയ്്‌നി 10-0-65-1, കുല്‍ദീപ് യാദവ് 10-0-62-1, രവീന്ദ്ര ജഡേജ 10-1-44-2.

ഇന്ത്യ: രോഹിത് ശര്‍മ സി സ്റ്റാര്‍ക്ക് ബി സാമ്പ 119, കെ.എല്‍. രാഹുല്‍ എല്‍ബിഡബ്‌ളിയു ബി അഗര്‍ 19, വിരാട് കോഹ്‌ലി ബി ഹെയ്‌സല്‍വുഡ് 89, ശ്രേയസ് അയ്യര്‍ നോട്ടൗട്ട് 44, മനീഷ് പാണ്ഡെ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 10 ആകെ 47.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 289.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.