അണ്ടര്‍ 19 ലോകകപ്പ്: ജപ്പാന്‍ നിരയില്‍ ആരും രണ്ടക്കം കടന്നില്ല; പൂജ്യത്തിന് പുറത്തായത് അഞ്ച് പേര്‍; ഇന്ത്യക്ക് 10 വിക്കറ്റ് വിജയം

Tuesday 21 January 2020 11:19 pm IST

ജൊഹന്നാസ്ബര്‍ഗ്: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച ജപ്പാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 10 വിക്കറ്റിനാണ് ജപ്പാനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ജപ്പാന് 22.5 ഓവറില്‍ വെറും 41 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രവി ബിഷ്നോയിയുടേയും കാര്‍ത്തിക് ത്യാഗിയുടേയും തകര്‍പ്പന്‍ ബൗളിംഗാണ് ജപ്പാനെ പിടിച്ചുകെട്ടിയത്. ജപ്പാന്‍ നിരയില്‍ ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനായില്ല. അഞ്ച് പേര്‍ പൂജ്യത്തിനും പുറത്തായി. ഏഴ് റണ്‍സ് വീതമെടുത്ത ഷു നൊഗൊച്ചിയും കെന്റോ ഒട്ട ഡൊബെലുമാണ് ജപ്പാന്റെ ടോപ് സ്‌കോറര്‍മാര്‍.രവി ബിഷ്നോയി നാലു വിക്കറ്റും കാര്‍ത്തിക് ത്യാഗി മൂന്നു വിക്കറ്റും ആകാഷ് സിംഗിന് രണ്ടു വിക്കറ്റും വീഴ്ത്തി.

42 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 ഓവര്‍ പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പ് തന്നെ വിജയം സ്വന്തമാക്കി. 18 പന്തില്‍ 29 റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ 13 റണ്‍സുമായി കുമാര്‍ കുശാഗ്രയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ബിഷ്നോയിയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.