അനായാസം ഇന്ത്യ

Tuesday 13 August 2019 5:40 am IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മുന്നില്‍ നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്ക്് പിന്നാലെ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തീപാറുന്ന ബൗളിങ്ങും ഇന്ത്യക്ക് വിജയം സമ്മാനിച്ചു. മഴ ഇടങ്കോലിട്ട  രണ്ടാം ഏകദിനത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അവസാന മത്സരം നാളെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. 

റെക്കോഡുകള്‍ അകമ്പടി സേവിച്ച കോഹ്‌ലിയുടെ സെഞ്ചുറിയില്‍ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 279 റണ്‍സ് എടുത്തു. തുടര്‍ന്ന് മഴയെത്തിതിനാല്‍ വിന്‍ഡീസിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 270 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. പക്ഷെ ഭുവി തകര്‍ത്തെറിഞ്ഞതോടെ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായി. എട്ട് ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുവി നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

കോഹ്‌ലി 125 പന്തില്‍ പതിനാല് ഫോറും ഒരു സിക്‌സറും അടക്കം 120 റണ്‍സ് നേടി. ഏകദിനത്തില്‍ കോഹ് ലിയുടെ 42-ാം സെഞ്ചുറിയാണിത്. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡ് കോഹ്  ലിക്ക് സ്വന്തമായി. പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് മറികടന്നത്.

അഞ്ചാമനായി ക്രീസിലിറങ്ങിയ ശ്രേയസ് അയ്യര്‍ 68 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 71 റണ്‍സ് എടുത്തു.  നാലാം വിക്കറ്റില്‍  അയ്യരും കോഹ്‌ലിയും 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വിജയം ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസ് വിജയത്തിലേക്ക് നീങ്ങീയതാണ്. ഒരു ഘട്ടത്തില്‍ നാലിന് 148 റണ്‍സെന്ന ശക്തമായ നിലയിലയായിരുന്നു. പക്ഷെ അവരുടെ അവസാന ആറു വിക്കറ്റുകള്‍ 62 റണ്‍സിന് നിലം പൊത്തി. 

ഭുവനേശ്വര്‍ കുമാറിനെപ്പാം പേസര്‍ മുഹമ്മദ് ഷമിയും സ്പിന്നര്‍ കുല്‍ദീപ് യാദവും മികവ് കാട്ടിയതോടെയാണ് വിന്‍ഡീസ് തകര്‍ന്നത്. ഷമി മുപ്പത്തിയൊമ്പത്   റണ്‍സിന് രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് 59 റണ്‍സിന് രണ്ട്് വിക്കറ്റും വീഴ്ത്തി.

വിന്‍ഡീസിന്റെ തുടക്കം മോശമായി. മുന്നൂറാം ഏകദിനം കളിച്ച ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ പതിനൊന്ന് റണ്‍സുമായി മടങ്ങി. ഭുവിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഗെയ്ല്‍ മടങ്ങിയത്. ഗെയ്‌ലിന് നിലവില്‍ 10353 റണ്‍സായി. 10348 റണ്‍സ് കുറിച്ച ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് തകര്‍ന്നത്.

ഓപ്പണര്‍ ലൂയിസും മധ്യനിരക്കാരന്‍ നിക്കോളസ് പൂരനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ലൂയിസ് 80 പന്തില്‍ 65 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സറും അടിച്ചു. 

പൂരന്‍ 52 പന്തില്‍ 42 റണ്‍സ് കുറിച്ചു. നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 13 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ:  ധവാന്‍ എല്‍ബിഡബ്‌ളിയു ബി കോട്രല്‍ 2, രോഹിത് ശര്‍മ സി പൂരന്‍ ബി ചെയ്‌സ് 18, വിരാട് കോഹ് ലി സി റോച്ച് ബി ബ്രാത്ത്‌വെയ്റ്റ് 120, ഋഷഭ് പന്ത് ബി ബ്രാത്ത്‌വെയ്റ്റ് 20, ശ്രേയസ് അയ്യര്‍ ബി ഹോള്‍ഡര്‍ 71, കേദാര്‍ ജാദവ് റണ്‍ഔട്ട് 16, രവീന്ദ്ര ജഡേജ നോട്ടൗട്ട് 16, ഭുവനേശ്വര്‍ കുമാര്‍ സി റോച്ച് ബി ബ്രാത്ത്‌വെയ്റ്റ്് 1, മുഹമ്മദ് ഷമി നോട്ടൗട്ട് 3, എക്‌സ്ട്രാസ് 12, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 179.

വിക്കറ്റ് വീഴ്ച: 1-2, 2-76, 3-101, 4-226, 5-250, 6-258, 7-262.

ബൗളിങ്: എസ്.എസ്. കോട്രല്‍ 10-0-49-1, റോച്ച് 7-0-54-0, ഹോള്‍ഡര്‍ 9-0-53-1, ഒഷെയ്ന്‍ തോമസ് 4-0-32-0, ആര്‍.എല്‍. ചെയ്‌സ് 10-1-37-1, ബ്രാത്ത്‌വെയ്റ്റ് 10-0-53-3.

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍ എല്‍ബിഡബ്‌ളിയു ബി ഭുവനേശ്വര്‍ കുമാര്‍ 11, ഇ. ലൂയിസ് സി കോഹ്‌ലി ബി കുല്‍ദീപ് യാദവ് 65, ഷായ് ഹോപ്പ് ബി അഹമ്മദ് 5, ഹെറ്റ്‌മെയര്‍ സി കോഹ്‌ലി ബി കുല്‍ദീപ് യാദവ് 18, എന്‍. പൂരന്‍ സി കോഹ്‌ലി ബി ഭുവനേശ്വര്‍ കുമാര്‍ 42, ആര്‍.എല്‍. ചെയ്‌സ് സി ആന്‍ഡ് ബി ഭുവനേശ്വര്‍ കുമാര്‍ 18, ഹോള്‍ഡര്‍ നോട്ടൗട്ട് 13, ബ്രാത്ത്‌വെയ്റ്റ് സി മുഹമ്മദ് ഷമി ബി ജഡേജ 0, റോച്ച് ബി ഭുവനേശ്വര്‍ കുമാര്‍ 0, എസ്.എസ്. കോട്രല്‍ സി ജഡേജ ബി മുഹമ്മദ് ഷമി 17, ഒഷെയ്ന്‍ തോമസ് എല്‍ബിഡബ്‌ളിയു ബി ഷമി 0, എക്‌സ്ട്രാസ് 21, ആകെ 42ഓവറില്‍ 210.

വിക്കറ്റ് വീഴ്ച: 1-45, 2-52, 3-92, 4-148, 5-179, 6-179, 7-180, 8-182, 9-209

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 8-0-31-4, മുഹമ്മദ് ഷമി 8-0-39-2, കെ.കെ. അഹമ്മദ് 7-0-32-1, കുല്‍ദീപ് യാദവ് 10-0-59-2, കേദാര്‍ ജാദവ് 5-0-25-0, രവീന്ദ്ര ജഡേജ 4-0-15-1.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.