നുഴഞ്ഞുകയറാനുള്ള പാക് സൈന്യത്തിന്റെ ശ്രമങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; കേരാന്‍ സെക്ടറില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ നാലുപേരെ കരസേന വധിച്ചു

Sunday 4 August 2019 8:34 am IST
36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണ്.

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമത്തിന് തക്ക മറുപടി നല്‍കി ഇന്ത്യ. ജൂലൈ31ന് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. കേരാന്‍ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കരസേനയുടെ ശ്രദ്ധയില്‍ പെടുകയും ഇവരെ വധിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 

36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ  വധിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യന്‍ ഔട്ട്‌പോസ്റ്റുകളോട് ചേര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് കരസേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു. പാക് സേന നിര്‍മ്മിച്ച നാല് ബങ്കറുകളും കരസേനയുടെ വെടിവെപ്പില്‍ തകര്‍ന്നു.

പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലും പഞ്ചാബിലും ഭീകര ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം പുറത്തുവിട്ടിരിക്കുന്നത്. 

അതേസമയം കശ്മീരില്‍ ഭീകരവാദ  പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുകയാണെന്നും അമര്‍നാഥ് യാത്രയ്ക്ക് അടക്കം ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും കരസേന അറിയിച്ചു. ഇതിനു മുമ്പ് സോപോരയിലും ഷോപ്പിയാനിലും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുകയും നാലു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ സീനത്ത് ഉള്‍ ഇസ്ലാം എന്ന ഭീകരനും ഉള്‍പ്പടുന്നതായി സൈന്യം അറിയിച്ചു. 2018 ആഗസ്റ്റില്‍ ഷോപ്പിയാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് നാല് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാക് ഭീകരര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.