ജീവന്‍ രക്ഷാമരുന്നുകള്‍ കിട്ടാനില്ല; ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുടെ അനുമതി തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; മരുന്നുകളയയ്ക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി കേന്ദ്ര വാണിജ്യമന്ത്രാലയം

Wednesday 4 September 2019 10:23 am IST

ഇസ്ലാമാബാദ്: രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുടെ സഹായം തേടി പാക്കിസ്ഥാന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി- കയറ്റുമതി ഉള്‍പ്പടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര വാണിജ്യ ബന്ധങ്ങളും പാക്കിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു. 

ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ മരുന്നുകളാണ് പാക്കിസ്ഥാനില്‍ ഉപയോഗിച്ചിരുന്നത്. ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇതോടെ ഇമ്രാന്‍ ഖാന്‍ പിടി വാശി ഉപേക്ഷിച്ച് ഇന്ത്യയുടെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയില്‍ നിന്നും അവ കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന ലഭിച്ചതോടെ അടിയന്തിരമായി മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതോടെ പാക്കിസ്ഥാനില്‍ അവശ്യ മരുന്നുകളുടെ ലഭ്യത കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മാസം ആദ്യം തന്നെ അവശ്യ മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് പാക്കിസ്ഥാനും (ഇഎഫ്പി) മരുന്ന് കമ്പനികളും ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയുമായുള്ള വ്യാപാ ബന്ധം നിര്‍ത്തിവെയ്ക്കുന്നതില്‍ ഉള്ള ഭവിഷത്തിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാതിരുന്നതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത്. 

കശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയെങ്കിലും അവര്‍ ഇന്ത്യയെ അനുകുലിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ 16 മാസത്തിനിടെ 36 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള ആന്റി റാബിസ്, ആന്റി വിഷം വാക്‌സിനുകളാണ് ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.