അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് എല്ലാം തുലച്ചു; ഹീറോയും വില്ലനുമായി മാറി മൊര്‍ത്താദ ഫാള്‍

Sunday 1 December 2019 10:54 pm IST

കൊച്ചി: എഫ്‌സി ഗോവയുടെ മൊര്‍ത്താദ ഫാള്‍ ഹീറോയും വില്ലനുമായി മാറിയ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില മാത്രം. പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും 2-2നാണ് എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ പിടിച്ചുകെട്ടിയത്. ഇഞ്ചുറി സമയം തുടങ്ങുന്നതുവരെ 2-1ന് പിന്നിലായിരുന്ന ഗോവയ്ക്ക് ലെനി റോഡ്രിഗസാണ് സമനില നേടിക്കൊടുത്തത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാം സമനില. 

ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനായി 61-ാം സെക്കന്‍ഡില്‍ സെര്‍ജിയോ സിഡോഞ്ചയും 59-ാം മിനിറ്റില്‍ റാഫേല്‍ മെസ്സി ബൗളിയും ലക്ഷ്യം കണ്ടപ്പോള്‍ ഗോവയുടെ ആശ്വാസഗോള്‍ നേടിയത് 41-ാം മിനിറ്റില്‍ മൊര്‍ത്താദ ഫാള്‍. എന്നാല്‍ 52-ാം മിനിറ്റിലെ ഫൗളിന് മൊര്‍ത്താദ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതും ഗോവയ്ക്ക് തിരിച്ചടിയായി. പിന്നീടുള്ള സമയം 10 പേരുമായാണ് ഗോവ കളിച്ചത്. എന്നിട്ടും വിജയിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. സമനിലയോടെ ആറ് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷട്ടോരി ടീമിനെ മൈതാനത്തെത്തിച്ചത്. കെ.പി. രാഹുലിന് പകരം സഹല്‍ അബ്ദുള്‍ സമദും മുഹമ്മദ് ഹക്കുവിന് പകരം വ്‌ളാറ്റ്‌കോ ഡ്രോബറോവും എത്തി. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 4-4-2 ശൈലിയിലാണ് ഷട്ടോരി ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്. അതേസമയം, ഗോവ എഫ്‌സി കഴിഞ്ഞ മത്സരത്തിലെന്നപോലെ 4-2-3-1 എന്ന ശൈലിയിലാണ് കളത്തിലെത്തിയത്. 

ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ലെന്ന തിരിച്ചറിവില്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് 61-ാം സെക്കന്‍ഡില്‍ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോയില്‍ നിന്നാണ് ഗോളിന്റെപിറവി. രാജു ഗെയ്ക്ക്‌വാദ് ഗോവന്‍ ബോക്‌സിലേക്ക് നീട്ടിയെറിഞ്ഞ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ പ്രതിരോധനിര താരം മൊര്‍ത്താദ ഫാളിന് പിഴച്ചു. പന്ത് കിട്ടിയത് സിഡോഞ്ചയുടെ കാലുകളില്‍. പന്ത് കിട്ടിയ സിഡോഞ്ച പായിച്ച ഷോട്ട് ഗോവ ഗോളിയുടെ നീട്ടിയ കൈകളെയും മറികടന്ന് വലയില്‍ കയറി. സീസണിലെ ഉദ്ഘാടന മത്സരത്തിനുശേഷം സ്വന്തം മൈതാനത്ത് ഏറെയൊന്നും  ആഘോഷിക്കാന്‍ കിട്ടാതിരുന്ന മഞ്ഞഗ്യാലറികള്‍  ഗോളിന്റെ ആവേശത്തില്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. വിങ്ങുകളില്‍ കെ. പ്രശാന്തും സഹലുമായിരുന്നു ആതിഥേയരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നായകന്‍ ബെര്‍ത്തലോമിയോ ഒഗ്ബെച്ചെ നിഴല്‍ മാത്രമായതും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തെ പിന്നോട്ടടിച്ചു. 23-ാം മിനിറ്റില്‍ മുഹമ്മദ് റാക്കിപ്പ് നല്‍കിയ മനോഹരമായൊരു പാസ് വലയിലേക്ക് തിരിച്ചുവിടുന്നതില്‍ മെസി പരാജയമായി. ഒരു ഗോളിന്റെ ലീഡോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോവന്‍ സമനിലഗോള്‍ പിറന്നത്. എഡു ബേഡിയ എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ബേഡിയ എടുത്ത ഫ്രീകിക്ക് ടി.പി. രഹ്‌നേഷ് പറന്ന് കുത്തിയകറ്റിയെങ്കിലും  പന്ത് കിട്ടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ്ങിന്. കിട്ടിയ പന്ത് ജാക്കിചന്ദ് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ടു. പന്തിന്റെ വരവിനൊപ്പം ഉയര്‍ന്നുചാടിയ മൊര്‍ത്താദ ഫാള്‍ തന്നെ തടയാനെത്തിയ മെസ്സി ബൗളിയെയും മറികടന്ന് ഉതിര്‍ത്ത ഹെഡ്ഡറിന് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി രഹ്‌നേഷിന് മറുപടിയുണ്ടായില്ല (1-1). ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ്

30 വാര അകലെനിന്ന് ഒഗ്‌ബെച്ചെ പായിച്ച ലോങ്‌റേഞ്ചര്‍ ഗോവന്‍ ഗോളി മുഹമ്മദ് നവാസ് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി സമനിലയില്‍. രണ്ടാം പകുതി തുടങ്ങി അധികം കഴിയും മുന്‍പ് ഗോവക്ക് ഒരു താരത്തെ നഷ്ടപ്പെട്ടു. ബോക്‌സിന് തൊട്ടുപുറത്തുവച്ച് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഒഗ്ബച്ചെയെ  ഗോവയുടെ സമനില ഗോള്‍ നേടിയ മൊര്‍ത്താദ ഫാള്‍ വീഴ്ത്തി. ഇതിന് ചുവപ്പുകാര്‍ഡ് കണ്ടാണ് മൊര്‍ത്താത പുറ

ത്തായത്. ഒരു താരത്തിന്റെ മുന്‍തൂക്കം മുതലെടുത്ത് എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ ബ്ലസ്‌റ്റേഴ്‌സ് 59-ാം മിനിറ്റില്‍ വീണ്ടും ലീഡ് നേടി.മലയാളി താരം പ്രശാന്തിന്റെ എണ്ണം പറഞ്ഞ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചത്. 66-ാം മിനിറ്റില്‍ പ്രശാന്തിനെ പിന്‍വലിച്ച് സെയ്ത്യാന്‍ സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 

രï് മിനിറ്റിനുശേഷം സെയ്ത്യാന്‍ സിങ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോവന്‍ ഗോളി മുഹമ്മദ് നവാസ് ഏറെ പണിപ്പെട്ടാണ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയത്. 74-ാം മിനിറ്റില്‍ സഹലിനെ പിന്‍വലിച്ച് ഹാളിചരണ്‍ നര്‍സാരിയും ബ്ലാസ്‌റ്റേഴ്‌സിനായി കളത്തില്‍. തുടര്‍ന്നും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സും സമനിലക്കായി ഗോവയും മികച്ച പ്രകടനം നടത്തി. ഒടുവില്‍ കളി പരിക്ക് സമയത്തേക്ക്. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മന്‍വീര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് റോഡ്രിഗസ് ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമെന്ന സ്വപ്‌നംഇന്നലെയും അസ്ഥാനത്തായി.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.