ആദ്യ ട്വന്റി ട്വന്റിയില്‍ ഇന്ത്യയുടെ ' ശ്രേയസ് ' വാനോളം; ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് ആറു വിക്കറ്റിന്

Friday 24 January 2020 3:52 pm IST

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ശ്രേയസ് അയ്യറുടെ ബാറ്റിങ് മികവില്‍ 204 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 

ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 203 റണ്‍സ്. ഓക്‌ലന്‍ഡിലെ ചെറിയ ബൗണ്ടറികളുള്ള സ്‌റ്റേഡിയത്തില്‍ സിക്‌സും ഫോറും അനായാസം കണ്ടെത്താന്‍ കിവീസ് ബാറ്റ്‌സമാന്‍മാര്‍ക്കായി. കിവീസിനായി ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മണ്‍റോ 42 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സെടുത്തപ്പോള്‍, വില്യംസന്‍ 26 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ആറു വര്‍ഷത്തിനുശേഷം ട്വന്റി20യില്‍ അര്‍ധസെഞ്ചുറി നേടിയ റോസ് ടെയ്‌ലര്‍, 27 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 54 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതമാണ് മണ്‍റോയുടെ 10ാം ട്വന്റി20 അര്‍ധസെഞ്ചുറി കണ്ടെത്തിയത്. ക്യാപ്റ്റന്‍ വില്യംസനാകട്ടെ 25 പന്തില്‍ നാലു വീതം ഫോറും സിക്‌സുമായി അര്‍ധസെഞ്ചുറി പിന്നിട്ടു. അവസാന ഓവര്‍ വരെ ക്രീസില്‍നിന്ന ടെയ്‌ലര്‍ 25 പന്തിലാണ് അര്‍ധസെഞ്ചുറി കടന്നത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നേ ഓപ്പണര്‍ രോഹിത് ശര്‍മയെ (7) നഷ്ടമായി. പിന്നീട് ക്യാപ്റ്റന്‍ കോഹ്ലിയുമെത്ത് കെ.എല്‍. രാഹുല്‍ നേടിയ 99 റണ്‍സ് കൂട്ടുകെട്ടാണ് നിര്‍ണായകമായത്. 45 റണ്‍സിനു കോഹ്ലിയും 56 റണ്‍സിന് രാഹുലും പുറത്തായതോടെ ഇന്ത്യന്‍ നിര പരാജയം മണത്തെങ്കിലും ശിവം ദുബെ(13) റണ്‍സുമായി പുറത്തായ ശേഷം തകര്‍ത്തടിച്ച ശ്രേയസ് അയ്യറാണ് (29 പന്തില്‍ 58) ഇന്ത്യയുടെ വിജയശില്‍പി. 14 റണ്‍സുമായി മനീഷ് പാണ്ഡെ മികച്ച പിന്തുണ നല്‍കി. ഒരോവര്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയലക്ഷ്യം കണ്ടു. ന്യൂസിലാന്‍ഡിനു വേണ്ടി ഇഷ് സോധി രണ്ടു വിക്കറ്റ് നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.