ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി

Saturday 20 July 2019 4:50 pm IST

ന്യൂദല്‍ഹി: മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ 18 ജീവനക്കാരെ മോചിപ്പിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങി. ഇന്ത്യ ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച ഹോര്‍മൂസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ദ സ്‌റ്റെന്ന ഇംപീരിയോ പിടിച്ചെടുത്തത്. ഇറാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഇറാനുമായി ചര്‍ച്ച നടത്തിവരികയാണ്. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഗള്‍ഫില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെയാണ് ഇറാന്‍ റവല്യൂഷറി ഗാര്‍ഡ് എന്ന ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചത്. ഇറാന്റെ മത്സ്യബന്ധനബോട്ടില്‍ ഇടിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇതിലെ 23 ജീവനക്കാരില്‍ ക്യാപ്ടന്‍ അടക്കം  18 പേരും ഇന്ത്യക്കാരാണ്.  സ്വിസ് കമ്പനി സ്‌റ്റെന്ന ബള്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കപ്പല്‍ അന്താരാഷ്ട്ര കപ്പലോട്ട നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പിടിച്ചെടുത്ത് ഇറാന്റെ ഹോര്‍മോസ്ഗാന്‍ തുറമുഖ അമികൃതര്‍ക്ക് കൈമാറുകയായിരുന്നു.

അതേസമയം തങ്ങളുടെ രണ്ടു കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതായി ബ്രിട്ടന്‍ ആരോപിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരുന്നുമെന്നും ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കമ്പനിയുടെ ലൈബീരിയന്‍ കപ്പല്‍ മെസ്ദാര്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ വൈകാതെ വിട്ടയക്കുകയും ചെയ്തിരുന്നു.

ഗള്‍ഫിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയുള്ളതാണ് കപ്പല്‍ പിടിത്തങ്ങള്‍. ബ്രിട്ടന്‍ അമേരിക്കയുടെ സഖ്യകക്ഷിയാണ്. സ്വാഭാവികമായും അമേരിക്ക വിഷയത്തില്‍ ഇടപെടും. അതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.