വികസന പദ്ധതികള്‍ക്ക് 100 ലക്ഷം കോടി; എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 3.5 ലക്ഷം കോടി; സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Monday 9 September 2019 12:18 pm IST

ന്യൂദല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ 100 ലക്ഷം കോടി മുതല്‍മുടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനൊപ്പം തൊഴിലും സൃഷ്ടിക്കുന്നതിനായിരിക്കും പദ്ധതികള്‍.  മുംബൈയില്‍ 19,000 കോടി രൂപ നിര്‍മാണച്ചെലവു വരുന്ന മൂന്നു മെട്രോ പാതകളുടെ ഭൂമിപൂജ നിര്‍വഹിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗ്രാമീണ മേഖലകളില്‍ പൈപ്പ്  വഴി ശുദ്ധജലമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷനു വേണ്ടി  3.5 ലക്ഷം കോടി രൂപ ചെലവഴിക്കും. മുംബൈയില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 എന്‍ജിനിയര്‍മാര്‍ക്കും മറ്റു 40,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

മുംബൈ-ഡല്‍ഹി വ്യവസായ  ഇടനാഴിയുടെ ഭാഗമായി ഔറംഗബാദിലെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മെട്രോ കോച്ചുകള്‍ അദ്ദേഹം അനാവരണം ചെയ്തു. രാജ്യത്തെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ തുടങ്ങിയ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി 3.5 ലക്ഷം കോടിരൂപ സര്‍ക്കാര്‍ ചെലവഴിക്കും.  അടുത്ത അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍പേര്‍ക്കും ശുദ്ധജലം ഉറപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും വിജയമാക്കും. കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക.

ശൗചാലയങ്ങളുടെ അഭാവത്തില്‍ രാജ്യത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന നരകയാതനകള്‍ തിരിച്ചറിഞ്ഞതു കാരണമാണ് അതിനുള്ള പരിഹാരം സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞത്. അതുപ്രകാരം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 2019നകംതന്നെ 10 കോടി ശൗചാലയങ്ങള്‍ പണിയുമെന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സ്ത്രീകളുടെ ശാക്തീകരണം സാധ്യമായാല്‍മാത്രമേ സാമൂഹിക നീതി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇതിലേക്കായി സ്ത്രീകളുടെ സ്വയംസേവാ സംഘടനകളായ വുമണ്‍ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പിന് സര്‍ക്കാരിന്റെ മുദ്ര സ്‌കീമില്‍നിന്ന് ഒരുലക്ഷം രൂപവരെ വായ്പ ഉയര്‍ത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.