ഇംഗ്ല@ിന് നിര്‍ണായക ലീഡ്

Sunday 4 August 2019 3:54 am IST

 

 

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓസീസിനെതിരെ നിര്‍ണായകമായ 90 റണ്‍സ് ലീഡ് നേടി. ഓസീസിന്റെ 284 റണ്‍സിന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ ചായസമയത്ത് 374 റണ്‍സിന് ഓള്‍ ഔട്ടായി. 

ഓപ്പണര്‍ റോറി ബേണ്‍സിന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ അര്‍ധ ശതകവും വാലറ്റനിരക്കാരായ ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ ചെറുത്ത് നില്‍പ്പുമാണ് ഇംഗ്ലണ്ടിന് നിര്‍ണായക ലീഡ് നേടിക്കൊടുത്തത്.

ബേണ്‍സ് 133 റണ്‍സ് നേടി. ഈ ഓപ്പണറുടെ കന്നി സെഞ്ചുറിയാണിത്. നേരിട്ട് 312 പന്തില്‍ പതിനേഴ് എണ്ണം അതിര്‍ത്തികടത്തി. രണ്ടാം ദിനത്തില്‍ 125 റണ്‍സുമായി പുറത്താകാതെ നിന്ന ബേണ്‍സ് മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ പുറത്തായി. ലിയോണിന്റെ പന്തില്‍ പെയ്ന്‍ ക്യാച്ചെടുത്തു.

ക്യാപ്റ്റന്‍ ജോ  റൂട്ട്് 119 പന്തില്‍ ആറു ബൗണ്ടിയുടെ പിന്‍ബലത്തില്‍ 57 റണ്‍സ് നേടി. ബെന്‍ സ്‌റ്റോക്‌സ് 96 പന്തില്‍ 50 റണ്‍സ് കുറിച്ചു. 

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് എട്ടിന് 300 റണ്‍സെന്ന നിലയിലായിരുന്നു. വാലറ്റനിരക്കാരായ ക്രിസ് വോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡും ചെറുത്ത്‌നിന്നതോടെയാണ് സ്‌കോര്‍ 374 റണ്‍സിലെത്തിയത്. വോക്‌സ് 95 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും അടക്കം 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ബ്രോഡ് 67 പന്തില്‍ 29 റണ്‍സ് നേടി.

ഓസീസിന്റെ പേസര്‍ കമിന്‍സും സ്പിന്നര്‍ ലിയോണും മൂന്ന് വിക്കറ്റ്്  വീതം വീഴ്ത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.