ഇനി നദ്ദയുടെ ഊഴം

Tuesday 21 January 2020 6:00 am IST

ദൃഢനിശ്ചയം, മൃദുസമീപനം, വിനയം, 59കാരനായ ജഗത് പ്രകാശ് നദ്ദയെ ഏവര്‍ക്കും ഒരുപോലെ സ്വീകാര്യനാക്കുന്നത് ഈ ഗുണങ്ങളാണ്. ശക്തമായ ആര്‍എസ്എസ് വേരുകളുള്ള നദ്ദയുടെ, പ്രത്യയശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സംഘടനാ വൈദഗ്ധ്യവുമാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 

1960 ഡിസംബര്‍ രണ്ടിന് പാട്‌നയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ എന്‍.എല്‍ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനനം. പാട്‌ന സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു അച്ഛന്‍. അങ്ങനെ ഹിമാചല്‍പ്രദേശില്‍ നിന്ന് കുടുംബം ബീഹാറിലെത്തി. പാട്‌ന കോളേജിലെ ബിഎ പഠനകാലത്ത് എബിവിപി പ്രവര്‍ത്തനത്തിലൂടെയായിരുന്നു നദ്ദയുടെ രാഷ്ട്രീയ അരങ്ങേറ്റം. പിന്നീട് ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 

1991 ല്‍ തന്റെ മുപ്പതാം വയസ്സില്‍ യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കുടുംബത്തിലായിരുന്നില്ല ജനനമെങ്കിലും നദ്ദ വിവാഹം ചെയ്തത് ഒരു രാഷ്ട്രീയകുടുംബത്തില്‍ നിന്നായിരുന്നു. ജബല്‍പൂര്‍ എംപിയായിരുന്ന ജയ്ശ്രീ ബാനര്‍ജിയുടെ മകള്‍ മല്ലികയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഭാര്യാമാതാവിനെ പോലെ നദ്ദ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ മല്ലിക ഭര്‍തൃപിതാവിനെ പോലെ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

1993 ല്‍ ഹിമാചലിലെ ബിലാസ്പൂര്‍ സീറ്റില്‍ നിന്ന് നദ്ദ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998, 2007 തെരഞ്ഞെടുപ്പുകളിലും അതേ സീറ്റില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പുകളില്‍ മന്ത്രിയായി.

2010 ല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, നദ്ദയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. 2012 ല്‍ രാജ്യസഭാംഗമായ നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാം സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല അമിത് ഷാ, നദ്ദയെ ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കണക്കിലെടുത്താണ്. ഷായുടെ പ്രതീക്ഷകള്‍ തെല്ലും തെറ്റിക്കാതെ 80 ല്‍ 64 സീറ്റുകളും നേടി യുപിയില്‍ നദ്ദ നയിച്ച ബിജെപി വിജയം ആവര്‍ത്തിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപിദേശീയാധ്യക്ഷന്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായതോടെ നദ്ദ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തെത്തി. 7 മാസത്തോളം അമിത്ഷായ്‌ക്കൊപ്പം അധ്യക്ഷസ്ഥാനം പങ്കുവച്ച ശേഷമാണ് ഇന്നലെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമിത് ഷായ്ക്ക് പകരക്കാരനാകുക എന്ന വലിയ കടമ്പയാണ് നദ്ദയ്ക്ക് ഇനി കടക്കാനുള്ളത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നദ്ദയെ കാത്തിരിക്കുന്നതാവട്ടെ വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും. പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനുള്ള ആദ്യ ചുവടുവയ്പ്പായി മണ്ഡലങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.