ഇനി കാണാം കശ്മീരിലെ മാറ്റങ്ങള്‍

Tuesday 20 August 2019 1:32 am IST

 

മ്മുകശ്മീരനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണല്ലോ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത തീരുമാനത്തെ രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുകയും പുരോഗതിയിലേക്കുള്ള ആദ്യപടിയായി കണക്കാക്കുകയും ചെയ്യുന്നു. രാഷ്ട്രീയ ചുവയോടെ മാത്രം വിലയിരുത്താതെ രാജ്യപുരോഗതി മുന്നില്‍കണ്ട് ഭാരതം എന്ന ഒറ്റവികാരം ഊട്ടിയുറപ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുകയാണിപ്പോള്‍. രാജ്യം ഒറ്റക്കെട്ടാകുന്ന, കശ്മീര്‍ എന്ന വികാരം ഇന്ത്യയുടെ മാത്രമാകുന്ന, സ്വപ്‌ന കാലഘട്ടത്തിലേക്കുള്ള ആദ്യ പടികൂടിയായി ജനങ്ങള്‍ ഇതിനെ കണ്ടുകഴിഞ്ഞു. 

ചരിത്രം ഇങ്ങനെ 

ആര്‍ട്ടിക്കിള്‍ 370 എന്തിന് റദ്ദ് ചെയ്തുവെന്ന് ചിന്തിക്കുന്നതിന് മുമ്പ് ഇത് എങ്ങനെ നിലവില്‍വന്നെന്ന് മനസ്സിലാക്കണം.  താല്‍ക്കാലിക നിയമം മാത്രമായി നിലവില്‍വന്ന ഈ വകുപ്പ് ഒരിക്കലും സ്ഥിരനിയമത്തിന്റെ രൂപത്തില്‍ വിലയിരുത്തപ്പെട്ടിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം, ജമ്മുകശ്മീരിന് പ്രത്യേകപരിഗണന നല്‍കുന്ന തീരുമാനം താല്‍ക്കാലികമായി നിലവില്‍ വരുത്തുകയായിരുന്നു. 1947 ഒക്ടോബര്‍ 26-27 തീയതികളിലായിരുന്നു ജമ്മുകശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാന്‍ മഹാരാജാ ഹരിസിംഗ് തീരുമാനിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയങ്ങളിലൊന്നും കശ്മീരിന് പ്രത്യേക പദവിയുണ്ടായിരുന്നില്ല. 1949 ഒക്ടോബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമായ ഷെയ്ക് അബ്ദുള്ള നടത്തിയ നീക്കമാണ് അതുവരെയില്ലാത്ത പ്രത്യേകതീരുമാനം കശ്മീരില്‍ അടിച്ചേല്‍പ്പിച്ചത്. 1949ല്‍ ബില്‍ പാസ്സാക്കിയെങ്കിലും 1952ല്‍ മാത്രമാണ് 370എ നിലവില്‍ വരുന്നത്. 

ഈ നിയമപ്രകാരം ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനയും വേറിട്ട കൊടിയും അനുവദിക്കപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ കശ്മീരിന് ബാധകമാകണമെങ്കില്‍ അവിടത്തെ നിയമസഭയുടെ അംഗീകാരം ലഭിക്കേണ്ട രീതിയിലെത്തി. പ്രതിരോധ, വിദേശകാര്യ സംബന്ധമായ തീരുമാനങ്ങളില്‍ മാത്രം കശ്മീര്‍ നിയമസഭയുടെ അനുമതിയില്ലാതെ കേന്ദ്രസര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാം. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യത്തെ കൂടുതല്‍ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക അനുമതി ബാധകമല്ലായിരുന്നു. ഇത്തരം നൂലാമാലകള്‍ നിറഞ്ഞ ആര്‍ട്ടിക്കിള്‍, ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുമുമ്പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഇക്കാര്യം ബി.ആര്‍. അംബേദ്ക്കറുമായി ചര്‍ച്ചചെയ്ത് അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ ഷെയ്ക്ക് അബ്ദുള്ളയോട് നിര്‍ദേശിച്ചിരുന്നു. അംബേദ്ക്കര്‍ തീര്‍ത്തും ഈ വകുപ്പിന് എതിരായിരുന്നു എന്നതും ചരിത്രം. 

ഡോ. എസ്.എന്‍. ബുസി എഴുതിയ 'ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഫ്രെയ്മിങ് ഓഫ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുഷന്‍' എന്ന പുസ്തകത്തില്‍, 370നെ കുറിച്ച് ചര്‍ച്ചചെയ്യാനെത്തിയ ഷെയ്ക് അബ്ദുള്ളയോട്, അംബേദ്ക്കര്‍ ഇങ്ങനെ പറയുന്നു: മിസ്റ്റര്‍ അബ്ദുള്ള, നിങ്ങള്‍ പറയുന്നരീതിയിലാണെങ്കില്‍ ഇന്ത്യ കശ്മീരിനെ പിന്തുണക്കണം, നിങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കണം, നിങ്ങളുടെ റോഡുകള്‍ നന്നാക്കിത്തരണം, നിങ്ങള്‍ക്ക് ആവശ്യമായ ആഹാരസാമഗ്രികള്‍ എത്തിച്ചുതരണം, കശ്മീരിന് ഇന്ത്യയ്‌ക്കൊപ്പം അംഗീകാരവും വേണം. പക്ഷേ, ഇന്ത്യയ്‌ക്കോ ഇന്ത്യക്കാര്‍ക്കോ കശ്മീരില്‍ ഒരവകാശവും ഉണ്ടായിരിക്കാന്‍ നിങ്ങള്‍ക്കു സമ്മതമല്ല. ഇന്ത്യാ ഗവണ്‍മെന്റിന് കശ്മീരില്‍ നിയന്ത്രിത അധികാരമേ പാടുള്ളുതാനും. ഇത് അംഗീകരിക്കുന്നത് ഇന്ത്യയെ വഞ്ചിക്കുന്നതിനു തുല്യമാണ്. നിയമമന്ത്രി എന്ന നിലയില്‍ ഞാനതു ചെയ്യില്ല. ഇന്ത്യന്‍ താത്പര്യത്തെ ഒറ്റുകൊടുക്കാന്‍ എനിക്കാവില്ല.  

ജവഹര്‍ലാല്‍ നെഹ്‌റുതന്നെ 1963 നവംബര്‍ 27ന് പറഞ്ഞിരുന്നു 370-ാം വകുപ്പ് താല്‍ക്കാലികമാണെന്നും നീണ്ട കാലത്തേക്ക് നിലനില്‍ക്കേണ്ടതല്ലെന്നും. പക്ഷേ, സംഭവിച്ചത് മറിച്ചാണെന്നു മാത്രം.  

ഒന്നിപ്പിക്കാന്‍ മടിച്ചു

 ഇന്ത്യന്‍ ജനതയോടൊപ്പം കശ്മീരിജനതയേയും ഒന്നിപ്പിക്കാനാണ് ഈ വകുപ്പ് നിലവില്‍ വരുത്തിയതെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. പലകാരണങ്ങളാല്‍ അതു കശ്മീരിനെ ഇന്ത്യയില്‍നിന്ന് അകറ്റി. അഥവാ, അകറ്റികൊണ്ടിരുന്നു. തികച്ചും പരാജയത്തിന്റെ മുഖമാണ് ആര്‍ട്ടിക്കിള്‍ 370ന് ഇപ്പോള്‍. ഇന്ത്യയില്‍നിന്നു കശ്മീരിനെ അകറ്റിയതിനൊപ്പം തീവ്രവാദം കൊടികുത്തിവാഴുന്നതിനും അതു വഴിവച്ചു. നഷ്ടക്കച്ചവടമായ 370നെ തുടച്ചുനീക്കാന്‍ പലതവണ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ലോക് സഭയില്‍ 370ന് എതിരെ പ്രകാശ് വിര്‍ ശാസ്ത്രി കൊണ്ടുവന്ന അനൗദ്യോഗിക ബില്ലിനു കോണ്‍ഗ്രസ് നേതാക്കളായ റാം മനോഹര്‍ ലോഹ്യയും കെ. ഹനുമന്തയ്യയും നല്‍കിയ പിന്തുണ ചരിത്രത്തിന്റെ ബാക്കിപത്രമാണ്.  ആര്‍ട്ടിക്കിള്‍ 370 തുടച്ചുനീക്കേണ്ടതാണെന്ന് ഹനുമാന്‍തെയ്യ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇത് ഒഴിവാക്കുന്നതിനെ അനുകൂലിച്ച 12 പേരില്‍ ഏഴും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ജെ. മല്‍ഹോത്രയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ഭഗവദ് ഝാ അസാദും ഇതിനെ പിന്തുണച്ചു. മുന്‍ ആഭ്യന്തരമന്ത്രിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്ത നേതാവുമായിരുന്ന ഗുല്‍സാരിലാല്‍ നന്ദയും ഈ വകുപ്പിനെതിരെ ശബ്ദം മുഴക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവരുന്ന നിയമങ്ങളൊന്നും ഈ വകുപ്പു നിലനില്‍ക്കുന്നതിനാല്‍ കശ്മീരില്‍ ബാധകമാക്കാന്‍ കഴിയുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഓര്‍മ്മിപ്പിച്ചിരുന്നല്ലോ. ഇനി അതുമാറും. 106 കേന്ദ്രനിയമങ്ങള്‍ കശ്മീരില്‍ നിലവില്‍ വരും. വിദ്യാഭ്യാസം, അഴിമതി, സ്ഥലവില്‍പ്പന തുടങ്ങിയ പല നിയമങ്ങളും കശ്മീരില്‍ ശ്രദ്ധ ആകര്‍ഷിക്കുമെന്നുറപ്പ്. 370 നീക്കാനുള്ള തീരുമാനം തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തേണ്ട കാര്യമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ അഭിപ്രായങ്ങളും അവകാശവാദങ്ങളും പാടേ ഉപേക്ഷിച്ച് ഒറ്റ ഇന്ത്യക്കായി പ്രയത്‌നിക്കുകയാണ് വേണ്ടത്. 

പാര്‍ലമെന്റില്‍ ലഡാക്ക് എംപി ജയാങ് നംഗ്യാല്‍ നടത്തിയ പ്രസംഗം ഇന്ത്യയുടെ മുന്നേറ്റത്തിന്റെ സൂചനയാണ്. ലഡാക്ക് ഒരു തുണ്ടു ഭൂമിമാത്രമല്ലെന്നും ഭാരതത്തിന്റെ അമൂല്യ രത്‌നമാണെന്നും ഉള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ഥങ്ങളുണ്ട്. 

പുത്തന്‍ തീരുമാനത്തോടെ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഇനി വിഭിന്നമേഖലകളില്‍ വികസനത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടും. വിനോദസഞ്ചാരം വികസിക്കും, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാകും. രാഷ്ട്ര സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യം വികസിക്കട്ടെ, സുരക്ഷിതത്വത്തോടെ. 

(ദി ഹിന്ദു ദിനപ്പത്രത്തില്‍ ഉപരാഷ്ട്രപതി എഴുതിയ ലേഖനത്തിന്റ പ്രസക്തഭാഗങ്ങള്‍) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.