ഇന്നവേഷന്‍ ലാബുകള്‍ നല്‍കിയ പ്രോത്സാഹനം ഭാവിക്ക് കുതിപ്പ് പകരും: ഡോ. ഉന്നത് പണ്ഡിറ്റ്

Sunday 26 January 2020 6:31 am IST

ന്യൂദല്‍ഹി: അടല്‍ ഇന്നവേഷന്‍ ലാബുകളും ഇന്‍ക്യുബേഷന്‍ സെന്ററുകളും വിദ്യാര്‍ത്ഥികളുടെ  കണ്ടുപിടിത്തങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം ഭാവിയുടെ ശാസ്ത്ര കുതിപ്പിന് വഴിതുറക്കുമെന്ന് അടല്‍ ഇന്നവേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ഉന്നത് പണ്ഡിറ്റ്. ദല്‍ഹിയില്‍ മൂന്നാമത് ജന്മഭൂമി കോണ്‍ക്ലേവിലെ  ദാരിദ്ര്യത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യന്‍ സമ്പദ് ഘടന പ്രാദേശിക സ്വഭാവത്തോട് കൂടിയുള്ളതാണെന്നും മറ്റു ലോക സമ്പദ് ഘടനകളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും ഐസിഎസ്എസ്ആര്‍ അംഗം പ്രൊഫ. കനഗസഭാപതി പറഞ്ഞു. 2014 മുതല്‍ ഇന്ത്യന്‍ ജനജീവിതത്തെ മാറ്റിമറിച്ച വിപ്ലവകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.മതപരമായ വേര്‍തിരിവുകള്‍ പാടില്ലെന്ന നിലപാട് ചിലര്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സ്വീകരിക്കുമ്പോള്‍ ന്യൂനപക്ഷ കമ്മീഷന്‍ അടക്കമുള്ള പല ഘടകങ്ങളും ആവശ്യമില്ലെന്ന മറുവാദം ഉയര്‍ന്നുവരുമെന്ന ഓര്‍മ്മ ബഹളക്കാര്‍ക്കില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. 

ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ മികച്ച നീക്കമാണെന്നും ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവയ്‌ക്കേണ്ടതുണ്ടെന്നും ഡോ. ശ്രീകുമാര്‍. ജെ പറഞ്ഞു. വസുധൈവ കുടുംബകം എന്ന വിശാലമായ കാഴ്ചപ്പാടോടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജീവിക്കുന്ന ജനസമൂഹമാണ് ഭാരതത്തിന്റേതെന്നും പൗരത്വ വിഷയത്തിലെ വിവാദങ്ങള്‍ അതിനാല്‍ തന്നെ അപ്രസക്തമാണെന്നും സെഷനില്‍ മോഡറേറ്ററായ വിജ്ഞാന്‍ ഭാരതി ഉപദേശകന്‍ എ. ജയകുമാര്‍ പറഞ്ഞു.

 പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് തലം വരെ വിവിധ തലങ്ങളിലെ സൂക്ഷ്മമായ നിരീക്ഷണ സംവിധാനമാണ് പദ്ധതി നടത്തിപ്പില്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും എ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.