മാവേലിക്കര ഇരട്ട കൊലപാതകം: പ്രതിക്ക് വധശിക്ഷ

Thursday 5 December 2019 5:28 am IST

ആലപ്പുഴ: മാവേലിക്കര ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ പൊണ്ണശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിനു (39) ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. 

2018 ഏപ്രില്‍ 23നായിരുന്നു സംഭവം. തന്റെ അച്ഛനേയും അമ്മയെയും സുധീഷ് ഇരുമ്പുവടിക്ക് അടിക്കുന്നതുകണ്ട് ഭയന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു അയല്‍ വീട്ടിലെ എത്തി വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്പതിമാര്‍ അവശനിലയിലായിരുന്നു. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. 

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബിജു സഹോദരനോട് സുധീഷാണ് തങ്ങളെ അടിച്ചു വീഴ്ത്തിയതെന്ന് പറഞ്ഞു. ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ശശികല ഭര്‍ത്താവിനോടു പരാതി പറഞ്ഞു. ഭര്‍ത്താവ് ഇതു ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സി. വിധു കോടതിയില്‍ ഹാജരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.