കോണ്‍ഗ്രസ്സും സിപിഎമ്മും പ്രാദേശിക പാര്‍ട്ടികളോ

Monday 16 September 2019 3:00 am IST

 

രേന്ദ്രമോദിയും അമിത് ഷായും ബിജെപിയും എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കുക. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അവരുടെ തണലില്‍ കഴിയുന്നവരുടെയും രീതി അതായിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാതൃഭാഷയ്ക്ക് പുറമെ ഇന്ത്യക്കാരെല്ലാം രാഷ്ട്രഭാഷയായ ഹിന്ദി കൂടി പഠിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന മട്ടില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പറയുന്നത്. ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പിലാക്കി രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായം തകര്‍ക്കുന്നേ എന്നാണ് ഇരു പാര്‍ട്ടികളും ആക്ഷേപിച്ചിരിക്കുന്നത്. എക്കാലവും ഹിന്ദി വിരുദ്ധ നിലപാടെടുക്കുന്ന തമിഴ് രാഷ്ട്രീയക്കാരെ കടത്തിവെട്ടാനാണ് ഇവരുടെ നീക്കം. 130 കോടി ജനങ്ങളില്‍ പകുതിയിലധികം പേരുടെ ഭാഷയാണ് ഹിന്ദി. ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമല്ല. നരേന്ദ്രമോദിയുടെയോ അമിത്ഷായുടെയോ മാതൃഭാഷയുമല്ല ഹിന്ദി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ രാഷ്ട്രഭാഷയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെടുന്നത് സ്വാഭാവികമല്ലെ. രാഷ്ട്രത്തിന് ഒരു ഭാഷ വേണമെന്നും അത് ഹിന്ദിയാവട്ടെ എന്ന് പറഞ്ഞത് മഹാത്മജിയാണ്. 

ഇന്ത്യ അനേകം ഭാഷകളുടെ രാജ്യമാണെന്നും എല്ലാ ഭാഷകള്‍ക്കും അതിന്റെതായ സവിശേഷതകളുണ്ടെന്നും പറഞ്ഞതിനൊപ്പമാണ് ഹിന്ദിയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയത്. 22 ഭാഷകളുണ്ടെങ്കിലും ഹിന്ദിയെപ്പോലെ സ്വീകാര്യത മറ്റേതെങ്കിലും ഭാഷകള്‍ക്കില്ലെന്നത് വസ്തുതയല്ലെ. അതുകൊണ്ടല്ലെ രാഷ്ട്രഭാഷയായി അംഗീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ അംഗീകരിച്ച രാഷ്ട്രഭാഷയ്‌ക്കെതിരെ കോണ്‍ഗ്രസ് തന്നെ കലാപത്തിന് ഒരുക്കം നടത്തുന്നത് വിരോധാഭാസമാണ്. രാജ്യത്ത് ത്രിഭാഷ പദ്ധതിക്ക് വേണ്ടിയുള്ള ശ്രമം ശക്തമായി തുടങ്ങിയത് നെഹ്‌റുവിന്റെ കാലത്താണ് നെഹ്‌റുവിന്റെ മകള്‍ ഇന്ദിര പ്രധാനമന്ത്രിയായിരിക്കെ 1968ലാണ് ത്രിഭാഷാ പദ്ധതി അംഗീകരിച്ചത്. മാതൃഭാഷയ്ക്ക് പുറമെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കുക എന്നതാണത്. വിദേശ ഭാഷയായ ഇംഗ്ലീഷ് പഠിക്കുന്നതിന് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്ട്രഭാഷകൂടി പഠിച്ചുകൂടേ എന്നു ചോദിച്ചുപോയാല്‍ അത് അപകടകരം എന്ന വാദം ഉയര്‍ത്തുന്നതാണ് വിചിത്രം.

ഹിന്ദി മാതൃഭാഷയായിട്ടുള്ള സ്ഥലങ്ങളില്‍ (ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍) ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദി സാര്‍വത്രികമായും സഫലമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. സമ്പൂര്‍ണാനന്ദ് അധ്യക്ഷനായിരുന്ന വൈകാരികോദ്ഗ്രഥന സമിതിയാണ് ഈ പദ്ധതി ശുപാര്‍ശ ചെയ്തത്. 

പ്രാഥമിക വിദ്യാഭ്യാസത്തില്‍ പ്രാദേശിക ഭാഷതന്നെ അധ്യയന മാധ്യമം ആയിരിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്ത് മറ്റൊരു യൂറോപ്യന്‍ ഭാഷ ഉപഭാഷയാകുന്നതും കമ്മിറ്റി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. വിദേശഭാഷയും അധികാരവര്‍ഗഭാഷയുമായിരുന്ന ഇംഗ്ലീഷിനായിരുന്നു ഇവിടെ പ്രാമുഖ്യം. എന്നാല്‍, സ്വാതന്ത്ര്യാനന്തരം പ്രാദേശിക ഭാഷോന്നമനത്തിനായി എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രയത്‌നിച്ചതിന്റെ ഫലമായാണ് ഭരണഘടന അംഗീകരിച്ച ഒരു ഭാഷാനയം നിലവില്‍വന്നത്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും ഭൂരിപക്ഷ ഭാഷ അവിടത്തെ മാതൃഭാഷയും, ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദി ദേശീയ ഭാഷയും ഇംഗ്ലീഷ് ബന്ധഭാഷയുമായിരിക്കുമെന്ന നിയമം വന്നു. അതോടൊപ്പംതന്നെ ഹിന്ദി പ്രചാരത്തിലില്ലാത്ത പ്രദേശങ്ങളില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഒരു ത്രിഭാഷാപദ്ധതി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ അരിശംകൊണ്ടത് പ്രാദേശിക കക്ഷികള്‍ മാത്രമാണ്. കോണ്‍ഗ്രസും സിപിഎമ്മും പ്രാദേശിക പാര്‍ട്ടിയായി മനസ്സാ വരിച്ചുകഴിഞ്ഞോ? അതാണ് ഇനി അവര്‍ വ്യക്തമാക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.