ആ ഹര്‍ത്താലിന് ഐഎസ് ബന്ധമോ?

Tuesday 17 April 2018 1:14 pm IST
<<<<

 

കൊച്ചി: തിങ്കളാഴ്ച കേരളത്തില്‍ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിന് ലോക ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്‌ടോ? ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനം നടപ്പാക്കുകയായിരുന്നോ? ഹര്‍ത്താല്‍ മറവില്‍ നടന്ന ആക്രമണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തല്‍ നടത്തി പത്രപ്രവര്‍ത്തകന്‍ എം.എസ്. സനില്‍ കുമാര്‍ നടത്തിയ നിരീക്ഷണം ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. പോലീസും രഹസ്യാനേ്വഷണ സംവിധാനങ്ങളും അപ്രസക്തമായി, ഭരണകൂടം അമ്പരന്നു നിന്നുപോയ സംഭവ പരമ്പരകള്‍ വിശകലനം ചെയ്ത് സനില്‍ കുമാര്‍ ഓണ്‍ലൈന്‍ വാര്‍ത്താ സംവിധാനമായ ന്യൂസ്‌സ്‌കൂപ്പില്‍ എഴുതിയ നിരീക്ഷണം ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു: 

''എവിടെനിന്നോ ഒരു വാട്സ് ആപ്, ഫെയ്സ് ബുക്ക് മെസ്സേജ് പ്രത്യക്ഷപ്പെടുന്നു.... നാളെ കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍. അതും വൈകാരികവും കാലികവും വേദനാജനകവുമായ ഒരു വിഷയത്തിന്റെ പേരില്‍. അത് വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്കും വിവിധ ഗ്രൂപ്പുകളിലേക്കും പടരുന്നു. നാളെ ഹര്‍ത്താലെന്ന വാര്‍ത്ത മിനിട്ടുകള്‍ക്കുള്ളില്‍ കേരളത്തില്‍ വ്യാപിച്ചു. മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഹര്‍ത്താലില്ല. എന്നിട്ടും കേരളത്തില്‍ ഹര്‍ത്താല്‍ നടന്നു. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപക അക്രമങ്ങള്‍ നടന്നു. ഹിന്ദുമത വിഭാഗത്തെ ലക്ഷ്യമാക്കി വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. 13 ബസ്, 4 പൊലീസ് ജീപ്പ്, 40 കടകള്‍, 7 ആട്ടോറിക്ഷ, 4 കാര്‍ , 6 ബൈക്ക് എന്നിവ ആക്രമിക്കപ്പെട്ടു, തകര്‍ത്തു. ഹര്‍ത്താലിന് നേതൃത്വം നല്‍കിയവര്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും ഉയര്‍ത്തിയ ബാനറുകള്‍ക്കും സമാനത ഉണ്ടായിരുന്നു. എല്ലാം ഹിന്ദു വിരുദ്ധം. ഹിന്ദു ആരാധനാ രീതികളെയും ചിഹ്നങ്ങളെയും വ്യാപകമായി അവഹേളിച്ചു. മിക്ക സ്ഥലങ്ങളിലും രക്തം പുരണ്ട ശിവലിംഗങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഒരു ക്ഷേത്രത്തിന് നേരെ അക്രമം നടന്നു. ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞതെന്തിന്? ആസിഫയുടെ ക്രൂരമായ കൊലപാതകത്തെ ഹിന്ദു സമൂഹം ന്യായീകരിച്ചിട്ടുണ്ടോ? കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദുക്കളുടെ ആരാധനാവിഗ്രഹമായ ശിവലിംഗത്തില്‍ രക്തം പുരട്ടി അത് സ്ത്രീകളെ, കുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള ആയുധമാണെന്ന ആവിഷ്‌കാര സ്വാതന്ത്ര പ്രഖ്യാപനത്തിന് പിന്നിലെ വര്‍ഗീയത എന്ത്? ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയണം.

<

അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തിയറി അവതരിപ്പിച്ചു. ലോകം ഐ.എസിനെതിരെ ഒന്നിച്ചു തുടങ്ങിയപ്പോഴാണ് ബാഗ്ദാദി ഈ സിദ്ധാന്തം അണികളില്‍ എത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിച്ചിരുന്ന ഐ.എസ് സെല്ലുകള്‍ പിടിയിലാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തപ്പോള്‍ തുടര്‍ പ്രവര്‍ത്തനം ബുദ്ധിമുട്ടായി. വലിയ ഒരു സംഘം പ്രവര്‍ത്തകര്‍ ഒരുമിച്ച് ആക്രമണ പദ്ധതികള്‍ പരസ്പരം കൈമാറുകയും ഒരുമിച്ചുകൂടി ആക്രമണം നടത്തുകയും ചെയ്യുന്നതിലെ പ്രായോഗികത ബുദ്ധിമുട്ടായതോടെയാണ് ബാഗ്ദാദി പുതിയ തന്ത്രം ആവിഷ്‌കരിച്ചത്. 'ലോണ്‍ വുള്‍ഫ് അറ്റാക്ക്'. ഇതില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എല്ലാം ഒരാള്‍ തന്നെയായിരിക്കും. ആരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉണ്ടാവില്ല. ആര്‍ക്കും കൈമാറാനും ഇല്ല. ഇയാള്‍ ചിലപ്പോള്‍ ഒരു വലിയ ട്രക്ക് തട്ടിയെടുക്കും. ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റും, കുറേപ്പേരെ കൊല്ലും. മറ്റുചിലപ്പോള്‍ കത്തിയുമായി ഇറങ്ങി കുറേപ്പേരെ കുത്തിക്കൊല്ലും. ചിലപ്പോള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കും. തോക്കുമായി ഇറങ്ങി കുറേപ്പേരെ വെടിവെച്ചുവീഴ്ത്തും. ഐ.എസ് തീവ്രചിന്താഗതി ഉള്ള പലരും ഈ ആശയത്തില്‍ ആകൃഷ്ടരായി നിരവധി ആക്രമണങ്ങള്‍ നടത്തി. സ്വയം മരിക്കാന്‍ തയ്യാറായി ഇറങ്ങുന്നവരാണ് ഇവര്‍. ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജെര്‍മനി, സ്വീഡന്‍, തുര്‍ക്കി, ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ലോണ്‍ വുള്‍ഫ് അറ്റാക്ക് നടന്നു. അന്വേഷണം എല്ലാം ഓരോ വ്യക്തികളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. ഈ സ്ട്രാറ്റജി വിജയമായതിനു പിന്നാലെയാണ് ബാഗ്ദാദിയുടെ വക്താവ് അബു മുഹമ്മദ് അല്‍ അദാവി അടുത്ത ആശയം അണികളില്‍ എത്തിച്ചത്. 'സ്റ്റേ അറ്റ് ഹോം' തിയറി. വീട്ടിലിരിക്കുക, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക, വ്യക്തികളെകൊണ്ടോ സമൂഹത്തെക്കൊണ്ടോ പദ്ധതികള്‍ നടപ്പാക്കുക. ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം.

 

<

 

സമൂഹത്തിലെ ചലനങ്ങള്‍ ഇവര്‍ കൃത്യമായി നിരീക്ഷിക്കും. ഓരോ നാടിന്റെയും സവിശേഷമായ പ്രത്യേകതകളില്‍ ഊന്നിയായിരിക്കും പ്രവര്‍ത്തനം. ഇടപെട്ട് വഷളാക്കി കലാപത്തിലേക്ക് നയിക്കുക, ബോംബ് സ്ഫോടനം, കൊല പോലെയുള്ള പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുക, ഓണ്‍ലൈനില്‍ സമാന ആശയക്കാരുടെ ശൃംഘല രൂപീകരിക്കുക, രഹസ്യ ആശയ വിനിമയം നടത്തുക, പൊതു അഭിപ്രായ രൂപീകരണം നിഷ്പക്ഷമായി എന്നാല്‍ അപകടകരമായ രീതിയില്‍ സാധ്യമാക്കുക എന്നിവയെല്ലാം സ്റ്റേ അറ്റ് ഹോം സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. വീട്ടിലിരുന്ന് അല്ലെങ്കില്‍ ഒരു കേന്ദ്രത്തിലിരുന്നു മാത്രമാവും പ്രവര്‍ത്തനം. ഓണ്‍ലൈന്‍ സംവിധാനങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്, യുട്യൂബ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖല. ഓണ്‍ലൈന്‍ റാഡിക്കലിസം എന്ന് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഈ ഭീകരപ്രവര്‍ത്തനത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. 

അടുത്തിടെ നടന്ന ചില കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഫ്രഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'സ്റ്റേ അറ്റ് ഹോം' ഭീകരസംവിധാനം ഓണ്‍ലൈനില്‍ വ്യാപകമാകുന്നതിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഫ്രഞ്ച് പോലീസ് ദമ്പതികളുടെ കൊലപാതകം പ്രാര്‍ത്ഥനക്കിടെ ഒരു ക്രിസ്ത്യന്‍ മതപുരോഹിതന്‍ കൊല്ലപ്പെട്ടത് ഫ്രാന്‍സിലെ നോതൃദ പള്ളിക്ക് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനം എന്നിവയെക്കുറിച്ചുള്ള അന്വേഷണം അവസാനമെത്തിയത് ഐ.എസിന്റെ റിക്രൂട്ടറായ ഒരേയൊരു വ്യക്തിയിലേക്ക് ആയിരുന്നു. കാസിം എന്ന ഈ ഐ.എസ് റിക്രൂട്ടര്‍ സിറിയയിലെയോ ഇറാഖിലെയോ അജ്ഞാത കേന്ദ്രത്തിലിരുന്ന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഏകോപിപ്പിച്ചതായിരുന്നു ഈ അക്രമങ്ങള്‍ അത്രയും. 

ഇനി കേരളത്തിലേക്ക് വരാം ആസിഫ എന്ന എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തിന്റെ വൈകാരികമായ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടായി സംഭവത്തില്‍ ബി.ജെ.പിയെ എതിര്‍ രാഷ്ട്രീയ ചേരിക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി.

<

ഇതാണ് ചില ബുദ്ധികേന്ദ്രങ്ങള്‍ ഏറ്റെടുത്തത്. പതിയെ ബി.ജെ.പിക്കെതിരായ ആരോപണങ്ങളെ അവര്‍ ഹിന്ദുസമൂഹത്തിന് നേരെ തിരിച്ചു. ഫേസ്ബുക്കിലും വാട്ട്സാപ്പിലും കൃത്യമായ വിഭാഗീയത പടര്‍ത്താന്‍ ഇവര്‍ക്കായി. ആസിഫ സംഭവം വര്‍ഗീയവത്കരിക്കപ്പെട്ടു. മുസ്ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരാണ് ഹിന്ദുക്കളെന്ന പൊതുബോധം സൃഷ്ടിക്കുന്ന തരത്തില്‍ ഹേറ്റ് ക്യാമ്പയിന്‍ വ്യാപകമായി. ഹിന്ദു ആരാധനാക്രമങ്ങളെയും ഹിന്ദു മതചിഹ്നങ്ങളെയും ഇതിലേക്ക് വലിച്ചിഴച്ചു. രക്തംപുരണ്ട ശിവലിംഗങ്ങളുടെ ചിത്രീകരണം ഫേസ്ബുക്കിലടക്കം പലയിടത്തും പ്രചരിച്ചു. ശിവലിംഗം ക്രൂരമായ ബലാല്‍സംഗത്തിന് ഉപയോഗിക്കുന്ന ജനനേന്ദ്രിയമാണെന്ന പ്രചരണമാണ് നടന്നത്. വര്‍ഗീയ ഭ്രാന്തില്ലാത്ത സാധാരണ ഹിന്ദുക്കളെപ്പോലും വിഷയത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലായി ഹേറ്റ് ക്യാമ്പയിന്‍.

ഇത്തരത്തില്‍ ഒരടിസ്ഥാനപരമായ പ്രചരണബോധത്തറ ഉണ്ടാക്കിവെച്ചശേഷമാണ് ജനകീയ ഹര്‍ത്താല്‍ എന്ന പ്രഖ്യാപനം പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നോ ഏത് സംഘടനയാണ് പിന്നിലെന്നോ ഒരു സൂചനയും ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ ഉണ്ടായിരുന്നില്ല. എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഒരു സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഹര്‍ത്താല്‍ ദിവസമാണ് സംഭവങ്ങള്‍ മറനീക്കി പുറത്തുവന്നത്. തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഹര്‍ത്താല്‍ ഏറ്റെടുത്ത് രംഗത്തെത്തി. മലബാര്‍ മേഖലയില്‍ വ്യാപകമായി സംഘര്‍ഷങ്ങള്‍ നടന്നു. 

അടുത്തിടെ നടന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഹര്‍ത്താലിലും കാണാത്ത സംഭവങ്ങളാണ് ഇന്നലെ നടന്നത്.

കുറേക്കാലം മുമ്പ് ബന്ദ് നടത്തിയിരുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. റോഡിന് കുറുകെ തടിയും കല്ലും കൂട്ടിയിട്ട് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുക. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുക. അക്രമാഹ്വാനങ്ങളുമായി കുറേപ്പേര്‍ അഴിഞ്ഞാടുക വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുക. ഹിന്ദുവിഭാഗത്തിന്റെ മാത്രം കടകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കുക. തുടങ്ങി ഒരുവര്‍ഗ്ഗീയ കലാപത്തിലേക്ക് കേരളത്തിലെ നയിക്കാവുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇന്നലെ നടന്നത്. എല്ലായിടത്തെയും അക്രമങ്ങള്‍ക്ക് പൊതു സ്വാഭവവും ഉണ്ടായിരുന്നു മിക്കയിടത്തും പ്രത്യക്ഷപ്പെട്ട ബാനറുകളില്‍ രക്തം പുരണ്ട ശിവലിംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്.

ബി.ജെപിയില്‍ നിന്ന് ഹിന്ദുവിഭാഗത്തിലേക്ക് ഫോക്കസ് ചെയ്ത രീതിയിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. ഒരു ബുദ്ധി കേന്ദ്രത്തില്‍ നിന്ന് ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക് വൈകാരികമായ പ്രതിഷേധങ്ങള്‍ക്ക് അപ്പുറം, ജനകീയ ഹര്‍ത്താല്‍ എന്നതിലും അപ്പുറം വര്‍ഗീയതയും അക്രമപ്രവര്‍ത്തനങ്ങളുമാണ് ഹര്‍ത്താലില്‍ മുഴച്ചുനിന്നത്. പലയിടത്തും കാറിലും മറ്റുമെത്തിയ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഹീനമായി അക്രമിച്ചു. ആസിഫക്കുവേണ്ടി നീതിതേടി ഇറങ്ങിയവര്‍ നിസ്സഹായായ ഒരു പെണ്‍കുട്ടിയോട് ആക്രോശിച്ചത് ഇങ്ങനെ നായിന്റെ മോളേ ഇന്ന് വണ്ടിയും കൊണ്ടിറങ്ങാന്‍ നിന്നോടാരാണ് പറഞ്ഞത്.

കുറച്ചുനാള്‍ മുമ്പ് കേരളത്തില്‍ ഒരു ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളിയുടേത് എന്ന് കരുതുന്ന ആ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു 'ശിവന്റെ ജനനേന്ദ്രിയത്തെ ആരാധിക്കുന്നവരാണ് ഹിന്ദുക്കള്‍ അമ്പലത്തില്‍ പോയി പെണ്ണുങ്ങളടക്കം ശിവന്റെ ലിംഗത്തെ വണങ്ങുന്നു. ഇതൊന്നും നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും ജിഹാദിന് തയ്യാറാകണം. തൃശൂരില്‍ പൂരം നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരാള്‍ക്ക് ഒരു ലോറി ഓടിച്ച് ആ ജനക്കൂട്ടത്തിലേക്ക് കയറ്റിക്കൂടെ. അങ്ങനെ കുറേപ്പേരെ കൊല്ലണം' ലോണ്‍ വൂള്‍ഫ് അറ്റാക്ക് എന്ന തിയറി കേരളത്തിലും നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു ആ സന്ദേശം. ഹിന്ദുക്കളുടെ ആരാധനാ ചിഹ്നങ്ങളെ തകര്‍ത്തെറിയണമെന്ന സന്ദേശവും അതില്‍ ഉണ്ടായിരുന്നു. ശിവലിംഗം ചോരയില്‍ പുരട്ടി ഇപ്പോള്‍ അവതരിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള തീവ്രചിന്താസരണികള്‍ കേരളീയ സമൂഹത്തില്‍ വ്യാപകമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ഓണ്‍ലൈന്‍ റാഡിക്കലിസം കൃത്യമായ അളവില്‍ കേരളത്തില്‍ വേരുപിടിച്ചുകഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ നടത്തപ്പെട്ട ഇന്നലത്തെ വര്‍ഗീയ ഹര്‍ത്താല്‍ അതാണ് തെളിയിക്കുന്നത്.

<

തീവ്രവാദ വിരുദ്ധ സമീപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ഫലത്തില്‍ വര്‍ഗ്ഗീയതക്ക് ചൂട്ടുപിടിച്ചുകൊടുക്കുകയാണ്. ഓണ്‍ലൈന്‍ റാഡിക്കലിസം കണ്ടെത്തുന്നതിലും തടയുന്നതിലും കേരള പോലീസും സംസ്ഥാന ഇന്റലിജന്‍സും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സൂക്ഷിച്ചില്ലെങ്കില്‍ ഭീകരവാദമെന്ന ചുഴലിക്കാറ്റ് ദുരന്തം കേരളത്തില്‍ വൈകാതെ സംഭവിക്കും.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.