കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും അസ്ഥിത്വം നഷ്ടപ്പെട്ടുവെന്ന് പി.കെ.കൃഷ്ണദാസ്, ഇനിയുള്ള കാലം ബിജെപിയുടേത്

Thursday 11 July 2019 1:10 pm IST

കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും അസ്ഥിത്വം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഇനിയുളള കാലം ബിജെപിയുടേതു മാത്രമാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹത സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അബ്ദുളളക്കുട്ടിക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണവും ബിജെപി രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തമാവുകയും ഒപ്പം അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുകയാണ്. ഇരുകക്ഷികളും അതിജീവനത്തിന് പെടാപാടുപെടുകയാണ്. രാഷ്ട്രീയ രംഗത്ത് ഇനി പ്രസക്തിയില്ലെന്ന് മനസ്സിലാക്കി കോണ്‍ഗ്രസിന്റെ അധ്യക്ഷനും നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജിവയ്ക്കുകയാണ്. ജനം കയ്യൊഴിഞ്ഞ രണ്ട് സംഘടനകളില്‍ നിന്നും നവഭാരത സൃഷ്ടിക്കായ് നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ജനങ്ങള്‍ ബിജെപിയിലേക്കൊഴുകിയെത്തുകയാണ്.  കോണ്‍ഗ്രസ് നാഥനില്ലാ കളരിയായിരിക്കുകയാണ്. കര്‍ണ്ണാടകയിലടക്കം രാജിവെച്ചു പോകുന്ന എംഎല്‍എമാരെ നിയന്ത്രിക്കാനാളില്ലാത്ത സ്ഥിതിയാണ്. സിപിഎമ്മാവട്ടെ ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതം പോലുളള അവസ്ഥയിലാണ്. പാര്‍ട്ടിക്കകത്ത് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന നേതാക്കളും സാധാരണക്കാരായ പ്രവര്‍ത്തകരും തമ്മില്‍  വര്‍ഗ്ഗ സംഘര്‍ഷം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക-ഗ്രാമീണ മേഖലയ്ക്ക് ഇത്രയധികം തുക മാറ്റിവെച്ച മറ്റൊരു സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തുണ്ടായിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ രാജ്യഭരിക്കുന്നത്. അബ്ദുളളക്കുട്ടിയെ പോലുളളവരുടെ ബിജെപിയിലേക്കുളള കടന്നു വരവ് കേരളവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതിന് ബിജെപിക്ക് പാകമായി എന്ന് വ്യക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ബിജെപിയിലെത്തും. കേരളത്തിലെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഒരു ഭാഗത്ത് പോലീസ് ജനങ്ങളെ ഉരുട്ടി കൊല്ലുന്നു,മറുഭാഗത്ത് സിപിഎം അണികള്‍ സ്വന്തം പാര്‍ട്ടിക്കാരെ കൊലയും കൊല്ലാകൊലയും നടത്തുന്നു. നേതാക്കളും മക്കളും സാധാരണക്കാരായ സ്ത്രീകളെ പീഡിപ്പിക്കുന്നു, വ്യവസായികളെ ആത്മഹത്യകളിലേക്ക് തളളിവിടുന്നു. ദുരിത ബാധിതരുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്നു. പ്രളയ ദുരിതാശ്വാസം നല്‍കാതെ ഫണ്ടുകള്‍ വകമാറ്റി ചിലവാക്കുന്നു. കേരളത്തില്‍ ആകെ ഭീകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാഷ്ട്രീയ മാലിന്യങ്ങളായ ഇടത്-വലത് മുന്നണികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കി നവഭാരതത്തോടൊപ്പം സമത്വ സുന്ദരമായ ഒരു കേരളം കെട്ടിപടുക്കാന്‍ കണ്ണൂരിലെ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും കൃഷ്ണദാസ് പറഞ്ഞു.

സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ബിജെപി എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, സെക്രട്ടറി കെ.ജയപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍, എ.പി.അബ്ദുളളക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ അബ്ദുളളക്കുട്ടിയെ നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.