'കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് യഥാര്‍ത്ഥ ഭാരതീയ മാര്‍ഗം'; സിഎഎ വിഷയത്തില്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ജെ നന്ദകുമാര്‍

Saturday 25 January 2020 8:56 pm IST

ന്യൂദല്‍ഹി:  സമ്പദ് വ്യവസ്ഥതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് യഥാര്‍ത്ഥ ഭാരതീയ മാര്‍ഗ്ഗമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക്  ജെ നന്ദകുമാര്‍. സാമ്പത്തിക രംഗത്ത് തനത് മാര്‍ഗ്ഗം ഉണ്ടായിരുന്നിട്ടും കമ്മ്യുണിസ്റ്റ് മുതലാളിത്ത രീതികള്‍  മാറി മാറി സ്വീകരിക്കാനാണ് ഭാരതത്തില്‍ ശ്രമിച്ചത്. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ സമ്പദ് മേഖലയേയും ബാധിക്കാന്‍ ഇതു കാരണമായി. വലിയൊരു തിരുത്തലാണ് അതിനു പ്രതിവിധി. അത്തരത്തിലുള്ള സമഗ്ര തിരുത്തലാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജന്മഭൂമി കോണ്‍ക്ളേവില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു നന്ദകുമാര്‍.

സാമ്പത്തിക രംഗത്തെ ഇപ്പോഴത്തെ പ്രശ്നങ്ങല്‍ ഗൗരവത്തിലെടുക്കേണ്ടതില്ല. വേഗത്തില്‍ പോകുന്ന വാഹനം വളവില്‍ വേഗം കുറയക്കുന്നതുപോലെ കരുതിയാല്‍മതി. വളവ് മാറുമ്പോള്‍ വാഹനം വീണ്ടു കുതിച്ചു പായും. എല്ലാ തീരുമാനങ്ങളിലും നടപടികളിലും ഭാരതീയതയുടെ അംശം നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭാരതീയതയുടെ നിലപാട് തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഭരണമാണ് കേന്ദത്തിന്റേത്. കച്ചവട താല്‍പര്യവും സാമ്പത്തിക നേട്ടവും നോക്കി മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ലളിതമായ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കി മാധ്യമങ്ങള്‍ മുതലെടുപ്പ് നടത്തുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഎ. ചരിത്രം അല്പം എങ്കിലും വായിച്ചവര്‍ക്ക് സിഐഎ യുടെ പ്രസക്തിയും പ്രാധാന്യവും അറിയാന്‍ കഴിയും. അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ കാര്യം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. അതിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടേയും അതിനെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടേയും നടപടി രാജ്യതാല്‍പര്യത്തിനെതിരാണ്. നന്ദകുമാര്‍ പറഞ്ഞു.

 ജനപക്ഷ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ലോകത്തൊരു സര്‍ക്കാറിനും കഴിയാത്ത നേട്ടമാണ് നരേന്ദ്രമോദി സര്‍ക്കാറിന് സാധിച്ചതെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് രംഗം ശക്തവും സുദൃഡവുമാണെന്ന് അന്താരാഷ്ട്ര  സാമ്പത്തിക ഏജന്‍സികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ശുദ്ധവും സുതാര്യമായ ഭരണമാണ് കേന്ദ്രസര്‍ക്കാറിന്റേത്.  ഒരു കേന്ദ്രമന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം വന്നില്ല എന്നതുമാത്രം മതി ഇതിനു തെളിവായി. കണ്ണന്താനം പറഞ്ഞു.

സാമ്പത്തിക രംഗത്ത് സുരക്ഷിത സ്ഥാനത്താണ് ഇന്ത്യയെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതി കേന്ദ്രത്തിന്റെ  മികവിന്റെ തെളിവാണ് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം കൂടുതല്‍ മുന്നോട്ടു പോകുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു.സ്വാഗത് സംഘം ചെയര്‍മാന്‍ അഡ്വ ജോജോ ജോസ് സ്വാഗതവും ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.