ബിജെപി അധ്യക്ഷനായി പുതിയ അമരക്കാരന്‍

Wednesday 22 January 2020 7:02 am IST

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പതിനൊന്നാമത് അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദ ചുമതലയേറ്റിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുമ്പോഴുള്ള, തികച്ചും സ്വാഭാവികമായ നേതൃമാറ്റം ഈ ഹിമാചലുകാരന് ഒരേസമയം വലിയ ഉത്തരവാദിത്വവും അവസരവുമാണ്. പതിനൊന്ന് കോടിയിലേറെ  അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമിത് ഷാ എന്ന നായകനില്‍ നിന്നാണ് പാര്‍ട്ടിയുടെ ദേശീയാധ്യക്ഷനെന്ന അതുല്യ പദവി നദ്ദ ഏറ്റെടുക്കുന്നത്. ഹിമാചല്‍പ്രദേശുകാരായ മാതാപിതാക്കളുടെ മകനായി ബീഹാറിലാണ് നദ്ദ ജനിച്ചതും പഠിച്ചതും. പിതാവ് നാരായണ്‍ ലാല്‍ നദ്ദ പാറ്റ്‌ന സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു. ഷായ്‌ക്കൊപ്പം ഏഴ് മാസം പാര്‍ട്ടിയുടെ സജീവാധ്യക്ഷനായി തുടര്‍ന്ന ശേഷമാണ് ഈ അധികാര കൈമാറ്റമെന്നത് ശ്രദ്ധേയമാണ്. അമിത് ഷാ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിജെപിയുടെ അധ്യക്ഷ പദവിയിലെത്തുന്നയാളാണ് അമ്പത്തിയൊമ്പതുകാരനായ നദ്ദ എന്ന പ്രത്യേകതയുമുണ്ട്.

അനുഭവ സമ്പന്നനാണ് ജെ.പി. നദ്ദ. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയും പൊതുരംഗത്തു പ്രവേശിച്ച വിദ്യാസമ്പന്നന്‍. രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അഭിഭാഷക ബിരുദവും. ജയപ്രകാശ് നാരായണന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഭാരതീയ യുവമോര്‍ച്ചയില്‍ നിതിന്‍ ഗഡ്കരിക്കും അമിത് ഷായ്ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നദ്ദ സംഘടനയുടെ ദേശീയ അധ്യക്ഷനായി. ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. 1993-ല്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഈ കായികതാരം തൊട്ടടുത്ത തവണ ഇതേ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രിയായി. മൂന്നാമതും എംഎല്‍എയാവുകയും വനംവകുപ്പ് മന്ത്രിയാവുകയും ചെയ്ത് നിരവധി നടപടികളെടുത്ത് ജനശ്രദ്ധ നേടി. വനത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതും, ജനകീയ പങ്കാളിത്തത്തോടെ തോട്ടങ്ങള്‍ ആരംഭിച്ചതും, കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സിംലയെ ഹരിതാഭമാക്കാന്‍ വനത്തില്‍  കുളങ്ങള്‍ നിര്‍മിച്ചതും ഇവയില്‍ ചിലതു മാത്രം. പഠനകാലത്ത് നീന്തല്‍ താരമായിരുന്ന നദ്ദ ബീഹാറിനെ പ്രതിനിധീകരിച്ച് ദേശീയ കായിക മേളയില്‍ പങ്കെടുത്തിട്ടുണ്ട്.

മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയ നദ്ദ ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയായി മികവ് തെളിയിച്ചു. പാര്‍ട്ടി വൃത്തങ്ങളില്‍ നിശ്ശബ്ദ സംഘാടകനായി അറിയപ്പെടുന്ന ഈ മിതഭാഷി കേന്ദ്ര മന്ത്രിയെന്ന നിലയ്ക്ക് കേരളത്തിനും സുപരിചിതനാണ്. 100ലേറെ പേര്‍ അതിദാരുണമായി മരിച്ച കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായമെത്തിക്കാന്‍ എത്തിയത് നദ്ദയായിരുന്നു. പ്രധാനമന്ത്രി മോദി ഏല്‍പ്പിച്ച ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. വിമാനത്തില്‍ ആവശ്യമുള്ളത്ര ഔഷധങ്ങളുമായെത്തിയ നദ്ദ ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മറ്റ് പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ബിജെപി പിന്തുടരുന്ന ഉന്നതവും സുതാര്യവുമായ ജനാധിപത്യ പാരമ്പര്യത്തിന്റെ നിദര്‍ശനമായി ഈ അധികാര കൈമാറ്റത്തെ കാണാവുന്നതാണ്. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായി യാതൊരു അസ്വാരസ്യങ്ങള്‍ക്കും കിടമത്സരങ്ങള്‍ക്കും ഇടനല്‍കാതെയാണ് നദ്ദ അധ്യക്ഷപദവി ഏറ്റെടുത്തിരിക്കുന്നത്. ബിജെപിയില്‍ കുടുംബാധിപത്യമില്ലാത്തതുകൊണ്ടാണ് തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകന് പാര്‍ട്ടി അധ്യക്ഷനാവാന്‍ കഴിഞ്ഞതെന്ന് അമിത് ഷാ ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു. നദ്ദയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ നേരിട്ടതിനെക്കാള്‍ വലിയ വെല്ലുവിളികള്‍ ഭരണപക്ഷത്തിരിക്കുമ്പോള്‍ ബിജെപി നേരിടുന്നുണ്ടെന്ന് നദ്ദയെ ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. ഈ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ ഔന്നത്യത്തിലേക്ക് പാര്‍ട്ടിയെ നയിക്കുകയെന്നതാണ് നദ്ദയുടെ ദൗത്യം. രാഷ്ട്രീയത്തിലും ഭരണത്തിലും അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കുന്ന മോദിയുടെയും ഷായുടെയും സഹകരണത്തോടെ, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ നദ്ദയ്ക്ക് ഇതിന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.