ഡയറക്ടര്‍ പദവി പേരിനു മാത്രം; അടിസ്ഥാന സൗകര്യം പോലുമില്ല, പിണറായി സര്‍ക്കാരിന്റെ അവഗണനയില്‍ ജേക്കബ് തോമസ് വിരമിക്കാന്‍ ഒരുങ്ങുന്നു

Thursday 17 October 2019 3:48 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കടുത്ത അവഗണനയില്‍ ഡിജിപി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു. പിണറായി സര്‍ക്കാരില്‍ നിന്നുള്ള പ്രതികാര നടപടികളെ തുടര്‍ന്ന് ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരിച്ചു കയറിയത്. 

രണ്ടുവര്‍ഷത്തോളം നീണ്ട സസ്‌പെന്‍ഷനുശേഷം കേന്ദ്ര അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമിക്കാന്‍ തയ്യാറായത്. എന്നാല്‍ പോലീസില്‍ തിരിച്ചെടുക്കാതെ ഷൊര്‍ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡിയായാണ് ജേക്കബ് തോമസിനെ നിയമിച്ചത്. രണ്ടാഴ്ച്ച മുമ്പ് സിഎംഡിയായി ചുമതലയേറ്റെങ്കിലും പിണറായി സര്‍ക്കാര്‍ അവജ്ഞ തുടര്‍ന്നതോടെ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു.

വിജിലന്‍സ് ഡയറക്ടറുടെ പദവിയോടെയാണു നിയമനമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പുതിയ ഓഫീസില്‍ അദ്ദേഹത്തിന് അടിസ്ഥാനസൗകര്യങ്ങള്‍പോലും നല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. ടെലിഫോണ്‍, ഔദ്യോഗികവാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ എന്നിവയൊന്നും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചിട്ടില്ല. പ്രതികാരനടപടിക്കു തുല്യമായ ഈ നിയമനത്തില്‍ മനംമടുത്താണു ജേക്കബ് തോമസ് സ്വയംവിരമിക്കല്‍ ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിച്ചതെന്നാണു സൂചന.

101 വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തിയുണ്ടാക്കുമെന്നായിരുന്നു കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേല്‍ക്കുമ്പോള്‍ ജേക്കബ് തോമസിന്റെ പ്രതികരണം. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സീനിയോറിട്ടി അദ്ദേഹത്തിനാണ്. 

സസ്‌പെന്‍ഷനില്‍ തുടരുന്നതുകൊണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമായി സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് പേഴ്‌സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമെന്ന ഭയന്ന സംസ്ഥാന സര്‍ക്കാര്‍ ഈ അപേക്ഷയെ എതിര്‍ക്കുകയും ജേക്കബ് തോമസിനെതിരേ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിപ്പോവുകയായിരുന്നു. അതിനുശേഷം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അദ്ദേഹത്തെ തിരിച്ചെടുക്കാനായിരുന്നു വിധി. 

2017ല്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനാണു ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. ആത്മകഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനും, തുറമുഖവകുപ്പില്‍ മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചും പിന്നീട് സസ്‌പെന്‍ഷനിലാണ്. ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.