തന്നെ വേട്ടയാടുന്നതിനു പിന്നില്‍ സംസ്ഥാനത്തെ ഐഎഎസ്- ഐപിഎസ് ശൃംഖല; അഴിമതിക്കെതിരെ നടപടി സ്വീകരിച്ചതിനുള്ള പ്രതികാരമാണിതെന്നും ജേക്കബ് തോമസ്

Sunday 20 October 2019 2:19 pm IST

പാലക്കാട്: കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സര്‍ക്കാര്‍ ആയിരിക്കണമെന്ന് ആഗ്രഹിച്ച് ജോലി നിര്‍വ്വിച്ചിട്ടും അവഗണിക്കപ്പെടുകയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തസ്തികയിലാണ് ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ചുമതലയേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യം പോലും നല്‍കാതെ അവഗണിച്ചിരിക്കുകയാണ്. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സര്‍ക്കാര്‍ ആയിരിക്കണമെന്നാഗ്രഹിച്ചാണ്് മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്തത്. ഇന്നും ആ മനസ്ഥിതിയുണ്ട്. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേറ്റതും ആ ലക്ഷ്യത്തിലാണ്. എന്നിട്ടും വൈരാഗ്യ ബുദ്ധിയോടെയാണ് ചിലര്‍ പെരുമാറുന്നതെന്ന് ജേക്കബ് തോമസ് പരാതിപ്പെട്ടു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ വൈരാഗ്യ ബുദ്ധിയാണെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തി. തന്നെ തഴഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്താറുണ്ടല്ലോ. താനത് ഉള്‍ക്കൊള്ളുന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ അങ്ങനെയല്ല. വളരെ താഴ്ന്ന ലെവലില്‍ ചിന്തിച്ച് അങ്ങനെ പെരുമാറുന്ന വരാണ് അവര്‍. ഇവരുടെ അഴിമതിയും മറ്റുമ പുറത്തുവരുമെന്ന ഭയത്താലാണ് ഇവര്‍ പകപോക്കുന്നത്. 

പിണറായി അധികാരത്തില്‍ എത്തിയശേഷം താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കേ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി ഇല്ലാതാക്കുന്നതിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഐഎഎസ് അസോസിയേഷന്‍ ഇതിനെതിരെ സമരവുമായി രംഗത്ത് എത്തുകയായിരുന്നു. ഇന്നത്തെ ചീഫ് സെക്രട്ടറിക്കെതിരെ കേസെടുത്തതിനായിരുന്നു സമരം.

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് മെഷീന്‍ കൊണ്ടു വെക്കാന്‍ നോക്കിയപ്പോള്‍ തന്നെ എതിര്‍പ്പുകളുണ്ടായി. സംസ്ഥാനത്തെ അഴിമതി ശൃംഖല വളരെ ശക്തമാണ്. അതിനെ പൊട്ടിച്ചെറിയണമെങ്കില്‍ ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. അല്ലാതെ ഒരു മുഖ്യമന്ത്രിയോ, ഒരുദ്യോഗസ്ഥനോ അല്ലെങ്കില്‍ നാല് മന്ത്രിമാരും നാലുദ്യോഗസ്ഥരും കൂടി വിചാരിച്ചാല്‍ സാധിക്കുന്നതല്ല. ഒരു സാംസ്‌കാരിക വിപ്ലവം എന്ന രീതിയില്‍ പോയാലേ അഴിമതിമുക്ത കേരളം ഉണ്ടാവൂ.

അതേസമയം പാലാരിവട്ടം അഴിമതിയില്‍ കേസ് ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ സാധ്യത കുറവാണെന്നും അറിയിച്ചു. മുകളിലേക്ക് അന്വേഷണം വ്യാപിക്കുന്തോറും തടസ്സങ്ങള്‍ കൂടാനാണ് സാധ്യത. വിജിലന്‍സില്‍ ജോലി ചെയ്യുമ്പോള്‍ 2014ല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സൂരജിന്റെ ഓഫീസില്‍ തെരച്ചില്‍ നടത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വം വരെ തനിക്ക് എതിരായിരുന്നു. സൂരജ് നിലവില്‍ ജോലിയില്‍ നിന്നും വിരമിച്ചതിനാല്‍ ഇത്തവണ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. കേരളത്തില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇതാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.