സൗമ്യനായ നേതാവിന് യാത്രയയപ്പ് നല്‍കി രാജ്യം; സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നത് നിഗംബോധ്ഘട്ടില്‍, അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രീയ നേതാക്കള്‍

Sunday 25 August 2019 3:53 pm IST

ന്യൂദല്‍ഹി : ശനിയാഴ്ച അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ മൃതദേഹം സംസ്‌കരിച്ചു. നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ജെ.പി. നദ്ദ, ബി.എസ്. യെദിയൂരപ്പ, എല്‍.കെ. അദ്വാനി എന്നിവര്‍ അവസാനമായി പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിച്ചു. 

പ്രധാനമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ മോദിക്കു വേണ്ടി രാജ്‌നാഥ് സിങ്ങാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ദല്‍ഹി കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. 

വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. രണ്ടു മണിവരെ അവിടെ പൊതു ദര്‍ശനത്തിന് വെച്ചശേഷം വിലാപയാത്രയായി യമുനാ തീരത്ത് എത്തിച്ചു. തുടര്‍ന്ന് സംസ്‌കാരം നടന്ന നിഗം ബോധ്ഘട്ടില്‍ എത്തിക്കുകയായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇന്നലെ ഉച്ചയ്ക്ക് ദല്‍ഹി എയിംസില്‍ വെച്ചാണ് അന്തരിച്ചത്. ആഗസ്ത് ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും സൗമ്യമായ മുഖങ്ങളില്‍ ഒന്നുകൂടിയാണ് ജെയ്റ്റ്‌ലിയുടെ വേര്‍പാടോടെ ഇല്ലാതായിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.