ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്; പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ദല്‍ഹി ബോധ്ഘട്ടില്‍ വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍, ഓര്‍മ്മയാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം

Sunday 25 August 2019 8:54 am IST

ന്യൂദല്‍ഹി : അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. 

ജെയ്റ്റ്‌ലിയുടെ വിയോഗത്തെ തുടര്‍ന്ന് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും, സന്ദര്‍ശനം തുടരണമെന്ന് അഭ്യര്‍ത്ഥനയുമായി ജെയ്റ്റ്ലിയുടെ കുടുംബം രംഗതെത്തുകയായിരുന്നു. അതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. 

ദല്‍ഹി കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജെയ്റ്റ്ലിക്ക് യാത്രയാക്കുക. 

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി ശനിയാഴ്ച ഉച്ചയ്ക്ക് ദല്‍ഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്.

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ രാജ്യത്തിനുണ്ടായ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു ജനകീയ നേതാവിനെ കൂടി ജനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമാണ് ഓര്‍മ്മയാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.