ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ അയയുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങും, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും

Friday 16 August 2019 4:36 pm IST

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അയവ് വരുത്തുന്നു. പത്ത് ദിവസത്തോളമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് അയവ് വരുത്തുമെന്ന് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി. വി. ആര്‍. സുബ്രഹ്മണ്യം അറിയിച്ചു. 

സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടി ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമായി തന്നെ തുടരുമെന്നും ശ്രീനഗറില്‍ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തവേ അദ്ദേഹം അറിയിച്ചു. 

ഈ മാസം അഞ്ചിനാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അന്നു മുതല്‍ പത്തു ദിവസത്തെ കാലയളവില്‍ സംസ്ഥാനത്ത് ഇതുവരെ യാതൊരു വിധത്തിലുള്ള നാശ നഷ്ടങ്ങളോ ജീവഹാനിയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ 12 ജില്ലകളും സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും അധികം വൈകാതെ പ്രവര്‍ത്തിച്ച് തുടങ്ങുന്നതാണ്.

സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ ഏതു വിധേനയും പ്രതിരോധിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും,  മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.