ജമ്മു കശ്മീരിലെ ബലിപ്പെരുനാള്‍ ആഘോഷം സമാധാനപരം; ബിഎസ്എഫും-പാക് റേഞ്ചേഴ്‌സും മധുരം കൈമാറിയില്ല; അജിത് ഡോവല്‍ നേരിട്ടു നിരീക്ഷിച്ചു

Monday 12 August 2019 6:05 pm IST

ശ്രീനഗര്‍: പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു റദ്ദാക്കിയതിനു പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നു എന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ പ്രചരിപ്പിക്കുന്നതിനിടെ സമാധാനപരമായി ജമ്മു കശ്മീരില്‍ ബക്രീദ് ആഘോഷം. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ പള്ളികളിലും ഇന്നലെ രാവിലെ ഏഴുമണിക്കു തന്നെ പ്രാര്‍ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. ചിലയിടങ്ങളില്‍ ഉച്ചയ്ക്കാണ് ചടങ്ങുകള്‍ അവസാനിച്ചത്.

ജമ്മു കശ്മീരിനേയും ലഡാക്കിനേയും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഒരുക്കിയ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളില്‍ കഴിഞ്ഞ ദിവസം ഇളവു വരുത്തിയിരുന്നു. പള്ളികളിലേക്കുള്ള ജനങ്ങളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോലീസും സൈന്യവും സുരക്ഷ പുനഃക്രമീകരിച്ചു. ബന്ദിപോരയും ബരാമുള്ളയും കുപ്‌വാരയും അടക്കമുള്ള പ്രദേശങ്ങളില്‍ മുസ്ലീം വിശ്വാസികള്‍ ഒരു തടസവുമില്ലാതെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു.

ബന്ദിപോരയില്‍ ഡാര്‍ ഉള്‍ ഉലൂം റഹ്മാനിയയിയലും ജാമിയ മസ്ജിദിലുമായി അയ്യായിരത്തോളം വിശ്വാസികള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ബാരാമുള്ളയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പള്ളികളില്‍ എത്തി. ഷോപ്പിയാന്‍, പുല്‍വാമ, അനന്ത്‌നാഗ് തുടങ്ങി സാധാരണ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരവധി വിശ്വാസികള്‍ നമാസിനെത്തി. ജമ്മു ഈദ്ഗാഹില്‍ അയ്യായിരം പേര്‍ പ്രാര്‍ഥനക്കെത്തി.

എല്ലായിടത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കയിരുന്നു. ചില പള്ളികള്‍ക്കു മുന്നിലുണ്ടായ ചെറിയ പ്രതിഷേധങ്ങള്‍ പോലീസ് നിയന്ത്രിച്ചു. ശ്രീനഗറില്‍ കുറച്ചു ദിവസമായി അടഞ്ഞു കിടന്ന കടകള്‍ പലതും തുറന്നു പ്രവര്‍ത്തിച്ചു. ബലിയര്‍പ്പിക്കാന്‍ ആടുകളെ വാങ്ങുന്നതിലും കുറവൊന്നുമുണ്ടായില്ല.  പ്രതീക്ഷിച്ചിരുന്നതുപോലെ രണ്ടര ലക്ഷത്തോളം ആടുകള്‍ വിറ്റുപോയെന്ന് കച്ചവടക്കാര്‍ പറഞ്ഞു. 

ബലിപ്പെരുനാളിനോട് അനുബന്ധിച്ചുള്ള ശ്രീനഗറിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടു നിരീക്ഷിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അടക്കമുള്ള നടപടികള്‍ക്കു ശേഷം രണ്ടു തവണ കശ്മീര്‍ സന്ദര്‍ശിച്ച ഡോവല്‍ ജനങ്ങള്‍ക്കിടയിലേക്കേിറങ്ങിയാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.  സൗര, പാംപോറെ, ലാല്‍ചൗക്, ഹസ്രത്ബാല്‍ തുടങ്ങി ശ്രീഗനറിലെ പ്രധാന പള്ളികളുള്ള പ്രദേശങ്ങളിളെല്ലാം ഡോവല്‍ ഇന്നലെ എത്തി. ബദ്ഗാം, പുല്‍വാമ, അവന്തിപ്പോര ജില്ലകളും അദ്ദേഹം സന്ദര്‍ശിച്ചു.

അതേസമയം ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ മധുരം പങ്കിടാതെ പാക്ക് സൈന്യം. എല്ലാ വര്‍ഷവും പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്എഫും പാക് റേഞ്ചേഴ്‌സും മധുരപലഹാരങ്ങള്‍ കൈമാറാറുണ്ടായിരുന്നു. ഇക്കാര്യം നേരത്തേ തന്നെ ബിഎസ്എഫ് അറിയിച്ചു. എന്നാല്‍ റേഞ്ചേഴ്‌സ് പ്രതികരിച്ചില്ല. എന്നാല്‍ ഇത്തവണ മധുരം കൈമാറുന്നില്ലെന്ന് ഞായറാഴ്ച റേഞ്ചേഴ്‌സ് ബിഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് ബിഎസ്എഫും ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തില്ല. 

കഴിഞ്ഞ ജൂണില്‍ ഈദുള്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി ബിഎസ്എഫും റേഞ്ചേഴ്‌സും മധുരം കൈമാറിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് അടക്കമുള്ള നടപടികൡ പ്രതിഷേധിച്ചാണ് പാക്ക് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.