ജമ്മു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി; പ്രശ്നത്തില്‍ ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടതെന്ന നിലപാടില്‍ മാറ്റമില്ല, മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ തത്കാലം ആവശ്യമില്ല

Tuesday 23 July 2019 8:58 am IST

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥസ്തയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിനെ സമീപിച്ചെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി. വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത ആവശ്യപ്പെട്ടതായി ട്രംപ് പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയുമായി കശ്മീര്‍ വിഷയം രണ്ടാഴ്ച മുമ്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചെന്നായിരുന്നു വിവാദ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന

എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഈ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ തത്കാലം ആവശ്യമില്ല. 2016ലെ നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനുമായി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിയിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടു പോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.