ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ മുഖം തിരിച്ച് ലോക രാഷ്ട്രങ്ങള്‍; ഇസ്ലാമിക കൂട്ടായ്മയുടെ പിന്തുണയും ഇന്ത്യയ്‌ക്കെന്ന് പാക് വിദേശ കാര്യമന്ത്രി

Tuesday 13 August 2019 2:44 pm IST

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അന്താരാഷ്ട്ര പ്രശ്‌നമാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനെതിരെ മുഖം തിരിച്ച് ലോക രാഷ്ട്രങ്ങള്‍. പാക് വിദേശകാര്യ മന്ത്രി ഷാ ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും യുഎന്‍ രക്ഷാ സമിതി അംഗങ്ങളോ ഇസ്ലാമിക് രാജ്യങ്ങളോ പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ലെന്നും ഖുറേഷി അറിയിച്ചു. 

രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയേണ്ടതില്ലെന്നും ഖുറേഷി മാധ്യമ പ്രവര്‍ത്തകരോട് തുറന്ന് സമ്മതിച്ചു. 

അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.

ഇന്ത്യയോട് താത്പ്പര്യമുള്ള നിരവധി രാജ്യങ്ങളുണ്ട്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവര്‍ക്കിടയില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ലെന്നും ഖുറേഷി പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവരും ഇന്ത്യയെ അനുകൂലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചപ്പോള്‍ രക്ഷാസമിതി സ്ഥിരാംഗമായ റഷ്യ ഇന്ത്യെ അനുകൂലിച്ച് രംഗതെത്തിയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്. 

മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അധികം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന മറുപടിയാണ് രക്ഷാ സമിതി നല്‍കിയത്. 

ഇതുകൂടാതെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയിലെ അംഗങ്ങളായ യുഎഇ, മാലിദ്വീപ് എന്നീ രാജ്യങ്ങളും ഇത് ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് അറിയിച്ച് ഇന്ത്യയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.